ആലപ്പുഴ: കനകക്കുന്നിൽ എൺപതുകാരിയെ കൊലപ്പെടുത്തി മൃതദേഹം കായലിൽ തള്ളിയ കേസിൽ പ്രതി കുറ്റം സമ്മതിച്ചു. ആഭരണങ്ങൾ കവർന്നെടുക്കാനാണ് തങ്കമ്മയെ കൊലപ്പെടുത്തിയതെന്ന് അയൽവാസിയായ പ്രകാശൻ പൊലീസിനോട് മൊഴി നൽകി. സംഭവത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാവിലെ കായംകുളം കായലിലെ ആറാട്ടുപുഴ ഭാഗത്ത് മത്സ്യത്തൊഴിലാളികളാണ് തങ്കമ്മയുടെ മൃതദേഹം കണ്ടെത്തിയത്. കൈയും കാലും ബന്ധിച്ച് ശരീരത്തിൽ കല്ലുകൾ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. സാമ്പത്തിക ബാധ്യതകൾ തീർക്കാനാണ് കൊലപാതകം നടത്തി ആഭരണങ്ങൾ കവർന്നതെന്നാണ് പ്രതിയുടെ മൊഴി.
കൊല്ലപ്പെട്ട തങ്കമ്മ ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ അയൽവാസിയായ പ്രകാശനോട് സഹായം അഭ്യർഥിച്ചിരുന്നു. ഞായറാഴ്ച രാവിലെ വീട്ടിലെത്തി ഗ്യാസ് സിലിണ്ടർ അകത്തുവച്ച ശേഷം മടങ്ങിയ പ്രകാശൻ, രാത്രി കനത്ത മഴയുള്ള സമയത്ത് വീണ്ടും വീട്ടിലെത്തി കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ.
ടിവി കണ്ടുകൊണ്ടിരുന്ന തങ്കമ്മയുടെ മുഖത്ത് തലയിണ അമർത്തി ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് കൈയിലെ വളകളും മോതിരവും ഊരിയെടുത്ത പ്രതിക്ക് തലയിണയ്ക്കടിയിൽ സൂക്ഷിച്ചിരുന്ന മാലയും കാതിലെ കമ്മലും കണ്ടെത്താനായില്ല. പിന്നീട് തങ്കമ്മയുടെ കൈലിയും തോർത്തും ഉപയോഗിച്ച് കൈയും കാലും ബന്ധിക്കുകയും, കയർ ഉപയോഗിച്ച് ശരീരത്തിൽ കല്ലുകൾ കെട്ടി കായലിൽ തള്ളുകയുമായിരുന്നു.
തങ്കമ്മയെയും വീടിനെയും അടുത്തറിയുന്നയാളാണ് പ്രതിയെന്ന സംശയത്തെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. സംശയമുള്ള അഞ്ച് പേരെ ചോദ്യം ചെയ്തതിൽ മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയതോടെ പ്രകാശനെ കൂടുതൽ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് ഇയാൾ കുറ്റം സമ്മതിച്ചത്.
കേസിൽ അറസ്റ്റിലായ പ്രകാശനുമായി ഇന്ന് പൊലീസ് തെളിവെടുപ്പ് നടത്തും. കവർന്ന സ്വർണാഭരണങ്ങൾ വിറ്റ കായംകുളത്തെ കടയിലും പ്രതിയുടെ വീട്ടിലും തെളിവെടുപ്പ് നടക്കും.






