കൊച്ചി: ആക്‌ഷൻ ഹീറോ ബിജു എന്ന സിനിമയുമായി ബന്ധപ്പെട്ട് നടൻ നിവിൻ പോളിയെ വ്യാജ കേസില്‍ കുടുക്കാൻ ശ്രമിച്ച സംഭവത്തില്‍ നിർമാതാവ് പി.എസ്. ഷംനാസിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കോടതി. വൈക്കം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് കോടതി ചുമത്തിയിരിക്കുന്നത്.
ആക്‌ഷൻ ഹീറോ ബിജു-2 എന്ന ചിത്രത്തിൽ നിർമ്മാണ പങ്കാളിയാക്കാമെന്നുപറഞ്ഞ് തന്നെ വഞ്ചിച്ചുവെന്നും, ചിത്രത്തിൻറെ വിതരണ അവകാശം മറ്റൊരാള്‍ക്ക് നല്‍കിയെന്നും ചൂണ്ടിക്കാട്ടിയുള്ള ഷംനാസിന്റെ പരാതിയില്‍ നിവിൻ പോളി, ചിത്രത്തിൻറെ സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർക്കെതിരെ കഴിഞ്ഞ ജുലൈയില്‍ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തിരുന്നു. ഒരുകോടി 95 ലക്ഷം രൂപ വാങ്ങിയെന്നാണ് എഫ്‌ഐആറില്‍ പറിഞ്ഞിരുന്നത്. എന്നാൽ, ഈ പരാതി നല്‍കാനായി ഷംനാസ് വ്യാജരേഖകള്‍ തയ്യാറാക്കിയതായി കോടതി കണ്ടെത്തി. വ്യാജ രേഖയും വ്യാജ സത്യവാങ്മൂലവും കോടതിയില്‍ നല്‍കിയതിനും, വിവരങ്ങള്‍ മറച്ചുവച്ചതിനുമാണ് ഷംനാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബിഎൻഎസ് നിയമത്തിലെ 229, 236, 237 വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
വ്യാജ തെളിവുകള്‍ നല്‍കുന്നത് കോടതിയെ കബളിപ്പിക്കലാണെന്ന് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി. കോടതിതല അന്വേഷണം നടത്തിയ ശേഷമാണ് കേസെടുത്തിരിക്കുന്നത്. മഹാവീര്യർ ചിത്രത്തിന്റെ സഹനിർമ്മാതാവാണ് പി എസ് ഷംനാസ്.










