കോഴിക്കോട്: എംഡിഎംഎ ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ ബെംഗളൂരുവിൽ നിന്ന് നാട്ടിലെത്തിച്ച് നാലുദിവസം ബന്ദിയാക്കി മർദിച്ച ലഹരിസംഘത്തെ പോലീസ് പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. വയനാട് മാനന്തവാടി പള്ളിക്കൽ സ്വദേശി സാജിദ് (30)നെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. ബെംഗളൂരുവിൽ ട്രാവൽ ഏജൻസി നടത്തുന്ന സാജിദിനെ ഓമശ്ശേരി മുടൂരിലെ വാടകവീട്ടിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. കോഴിക്കോട് റൂറൽ എസ്.പി.യ്ക്ക് കീഴിലുള്ള ഡൻസാഫ് സംഘവും താമരശ്ശേരി പോലീസും ചേർന്നാണ് നടപടി സ്വീകരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശികളായ ശിഹാബ് (40), അശ്വിൻ (25) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ സഞ്ചരിച്ച കാർയും കസ്റ്റഡിയിലെടുത്തു. മേയ് 3-നാണ് എം.ഡി.എം.എ. വാങ്ങാനായി പ്രതികൾ ബെംഗളൂരുവിലെത്തിയത്. അവിടെ സാജിദിന്റെ വാടകമുറിയിൽ വെച്ച് സാജിദിന്റെ സുഹൃത്തായ വിമലിന് ഒന്നരലക്ഷം രൂപ നൽകി. എന്നാൽ പിന്നീട് ലഹരിമരുന്നോ പണമോ തിരികെ ലഭിക്കാതിരുന്നതോടെ സാജിദിനെ സംഘം തട്ടിക്കൊണ്ടുപോയെന്നാണ് പോലീസ് പറയുന്നത്.
ശേഷം ഓമശ്ശേരിയിലെ വാടകവീട്ടിൽ പൂട്ടിയിട്ട് പണമോ എംഡിഎംഎയോ നൽകണമെന്ന് ആവശ്യപ്പെട്ട് സാജിദിനെ വടിയും കമ്പിയും ഉപയോഗിച്ച് മർദിക്കുകയും ഭക്ഷണം നൽകാതിരിക്കുകയും ചെയ്തതായി യുവാവ് പോലീസിനോട് പറഞ്ഞു. പരിക്കേറ്റ സാജിദ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. യുവാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.




