വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രം നീക്കം ചെയ്തു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് സ്വയം യേശുവിനെപ്പോലെ ചിത്രീകരിച്ചിരുന്ന പോസ്റ്റ് വലിയ വിവാദമായിരുന്നു. ആശുപത്രി കിടക്കയിൽ കിടക്കുന്ന ഒരു രോഗിയെ ട്രംപ് സുഖപ്പെടുത്തുന്നതായാണ് ഉണ്ടായിരുന്നത്. ട്രംപിനെ പിന്തുണയ്ക്കുന്നവരിൽ നിന്ന് പോലും ശക്തമായ പ്രതിഷേധമാണ് ചിത്രത്തിനെതിരായി ഉയർന്നത്. ചിത്രത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റാച്യൂ ഓഫ് ലിബർട്ടിയും അമേരിക്കൻ പതാകയും യുദ്ധവിമാനങ്ങളും ഉൾപ്പെടുത്തിയിരുന്നു. ആളുകൾക്ക് ആശയക്കുഴപ്പമുണ്ടായതിനാലാണ് ചിത്രം നീക്കം ചെയ്തതെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി.




