ചെങ്ങന്നൂർ: മാലദ്വീപിലെ സ്കൂളിൽ വിദ്യാർഥിയുടെ ആക്രമണമേറ്റ് മലയാളി അധ്യാപികക്ക് പരിക്ക്. സ്കൂളിൽ ക്ലാസെടുക്കുന്നതിനിടെ ഗെയിം കളിക്കുന്നത് തടഞ്ഞതിനാണ് എട്ടാം ക്ലാസ് വിദ്യാർഥി അധ്യാപികയെ ആക്രമിച്ചത്. ചെങ്ങന്നൂർ സ്വദേശിനിയായ സ്മിത എൻ പിള്ളയ്ക്കാണ് മൂക്കിന് ഗുരുതരമായ പരിക്കേറ്റത്. ഗെയിം കളിക്കുന്നത് ശ്രദ്ധയിൽപെട്ട സ്മിത പലതവണ താക്കീത് ചെയ്തിരുന്നു. പിന്നീട്, വീഡിയോ പകർത്തി പ്രിൻസിപ്പലിനോട് റിപ്പോർട്ട് ചെയ്യുമെന്ന് സ്മിത പറഞ്ഞു. ഇതിൽ പ്രകോപിതനായ വിദ്യാർഥി സ്മിതയുടെ ഫോൺ എടുത്തെറിയുകയും മുഖത്ത് തുടർച്ചയായി ഇടിക്കുകയുമായിരുന്നു. മൂക്കിന്റെ എല്ലിന് പൊട്ടലേറ്റിട്ടുള്ള അധ്യാപികയ്ക്ക് ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്.




