കോട്ടയം: യുവതലമുറയിൽ വർധിച്ചു വരുന്ന ലഹരി ആശ്രിതത്വ പ്രശ്‌നങ്ങളെക്കുറിച്ച് സമഗ്രമായി ചർച്ച ചെയ്യുന്ന ദ്വിദിന ദേശീയ സെമിനാർ ‘വിറ്റാ നോവ 2K25’ മാർ ആഗസ്തീനോസ് കോളേജിൽ നവംബർ 21, 22 തീയതികളിൽ നടക്കും. “സ്ട്രോങ്ങ് മൈൻഡ്സ്, ബ്രൈറ്റ് ഫ്യൂച്ചർ” എന്ന സന്ദേശവുമായി, കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്‌മെൻ്റ്, ഐ.ക്യു.എ.സി. എന്നിവയുടെ ആഭിമുഖ്യത്തിൽ കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്‌സ് (ക്യാപ്‌സ്), പൂനെ ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെൻ്റൽ ഹെൽത്ത്, പാലാ അഡാർട്ട് എന്നിവരുമായി സഹകരിച്ചാണ് സെമിനാർ സംഘടിപ്പിക്കുന്നത്.
പ്രതിരോധ ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ മാർഗ്ഗരേഖകൾ രൂപീകരിച്ച് സർക്കാർ തലത്തിലേക്ക് നിർദ്ദേശിക്കുക എന്നതാണ് സെമിനാറിൻ്റെ പ്രധാന ലക്ഷ്യം. നവംബർ 21 വെള്ളിയാഴ്ച രാവിലെ 9:45 ന് ആരംഭിക്കുന്ന സെമിനാർ ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജർ വെരി. റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിക്കും. മുൻ ചീഫ് സെക്രട്ടറി ശ്രീ. ടോം ജോസ് ഐ.എ.എസ്. മുഖ്യപ്രഭാഷണം നടത്തും. ക്യാപ്‌സ് പ്രസിഡൻ്റ് ഡോ. ചെറിയാൻ പി. കുര്യൻ, പൂനെ ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ട് കൺസൾട്ടൻ്റ് സൈക്യാട്രിസ്റ്റ് ഡോ. സൈനബ് ലോകന്ദ് വാലാ, അഡാർട്ട് ഡയറക്ടർ ഫാ. ജെയിംസ് പൊരുന്നോലിൽ, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ എന്നിവർ പങ്കെടുക്കും. ഡോ. ഫ്രാൻസിസ് മൂത്തേടൻ, ഡോ. സൈനബ് ലോകന്ദ് വാലാ എന്നിവർ ലഹരിയുടെ ഉപയോഗവും അപകടസാധ്യതകളും, ക്ലിനിക്കൽ വശവും മാനേജ്‌മെൻ്റും എന്നീ വിഷയങ്ങളിൽ സെമിനാർ നയിക്കും.
രണ്ടാം ദിന സെമിനാർ മുൻ കേരളാ ഡി.ജി.പി. ഋഷിരാജ് സിംഗ് ഐ.പി.എസ്. ഉദ്ഘാടനം ചെയ്യുകയും ‘ലഹരിമുക്ത നാളേക്ക് നിയമസംവിധാനങ്ങളുടെ പങ്ക്’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയും ചെയ്യും. ഉച്ചകഴിഞ്ഞ് 3:30 ന് നടക്കുന്ന സമാപന സമ്മേളനം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ അജയ് കെ.ആർ. ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും നടക്കും. രണ്ടു ദിവസങ്ങളിലായി ഡിബേറ്റ്, പേപ്പർ പ്രസൻ്റേഷൻ, ക്വിസ്, തെരുവ് നാടകം, പോസ്റ്റർ മേക്കിങ്, റീൽസ് മേക്കിങ്, എക്‌സ്‌ടെംപോറെ തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. സ്കൂൾ-കോളേജ് വിദ്യാർത്ഥികൾ, അധ്യാപകർ, ഗവേഷകർ, മാനസികാരോഗ്യ സാമൂഹ്യ സേവന മേഖലയിലെ വിദഗ്ധർ എന്നിവർ സെമിനാറിൽ പങ്കെടുക്കും. സെമിനാറിൻ്റെ വിശദാംശങ്ങൾ പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരിൽ എന്നിവർ പങ്കെടുത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.




