തൃശ്ശൂർ: രാജ്യത്ത് പാചകവാതകത്തിന് വലിയ ക്ഷാമമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ചില നിയന്ത്രണങ്ങൾ മാത്രമാണ് നിലവിലുള്ളതെന്നും പ്രതിസന്ധിയുണ്ടെന്നത് വ്യാജ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ധനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഓയിൽ കമ്പനികളും ചേർന്ന് യോഗം ചേർന്നതായും മന്ത്രി വ്യക്തമാക്കി. അമേരിക്ക പോലുള്ള രാജ്യങ്ങളിലും പാചകവാതക വിതരണത്തിൽ നിയന്ത്രണങ്ങൾ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി ആലോചിക്കുന്നതായും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇതിനിടെ ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യൻ കപ്പലുകൾക്ക് യാത്ര തുടരുകയാണ്. ഇന്നലെ രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി കടക്കാൻ അനുമതി ലഭിച്ചു. ബിഡബ്ല്യു ഇഎൽഎം, ബിഡബ്ല്യു ടിവൈആർ എന്ന കപ്പലുകളാണ് അനുമതി ലഭിച്ചത്. ഇവ ചെന്നൈ ആസ്ഥാനമായുള്ള ബിഡബ്ല്യു ഗ്ലോബൽ യുണൈറ്റഡ് എൽപിജി കമ്പനിയുടെതാണ്.
നിലവിൽ 18 ഇന്ത്യൻ കപ്പലുകൾ കടലിടുക്കിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശിവാലിക്, നന്ദാദേവി, ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നീ കപ്പലുകൾ കടന്നുപോയിരുന്നു. കൂടുതൽ കപ്പലുകൾ ഉടൻ ഹോർമുസ് കടക്കുമെന്നാണ് വിവരം. ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി കടന്നുപോകാൻ ഇന്ത്യ ഇറാനുമായി നയതന്ത്രതലത്തിൽ ഇടപെട്ടിട്ടുണ്ട്. പാകിസ്ഥാനിലെ കപ്പലുകൾക്കും കടക്കാൻ അനുമതി ലഭിച്ചതായും റിപ്പോർട്ടുണ്ട്.




