കോട്ടയം: തിടനാട് പഞ്ചായത്തിന്റെ വഴിയിടത്തിന്റെ നിർമാണം പൂർത്തീകരിച്ചിട്ട് നാളുകൾ ആയെങ്കിലും ഉപയോഗ്യശൂന്യമായി കിടക്കുകയാണ്. ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം ഒൻപത് ലക്ഷംരൂപാ മുടക്കി തിടനാട് വട്ടക്കാവ് ക്ഷേത്രത്തിന് സമീപമാണ് വഴിയിടം നിർമിച്ചത്. പഞ്ചായത്തിന്റെ വികസന ഫണ്ടും ശുചിത്വമിഷന്റെയും സഹായത്തോടെയാണ് ശൗചാലയം ഉൾപ്പടെ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി സംസ്ഥാന ഹൈവേയിൽ വഴിയിടം നിർമിച്ചത്.
ഈ സമയത്തു തുറന്ന് കൊടുത്തിരുന്നെങ്കിൽ ശബരിമല തീർഥാടകർക്കും വഴിയാത്രക്കാർക്കും വഴിയിടം ഉപകാരമാകുമായിരുന്നു. വിവിധ രാഷ്ട്രീയ, യുവജന സംഘടനകളും വ്യക്തികളും വഴിയിടം തുറന്നു കൊടുക്കണമെന്ന് ആവിശ്യപെട്ടുവെങ്കിലും ഒന്നും സംഭവിച്ചില്ല. നിലവിൽ പണികൾ പൂർത്തീകരിച്ച് കിടക്കുകയാണെങ്കിലും നടത്തിപ്പിന് ആളെ ലഭിക്കാത്തതാണ് വഴിയിടം ആരംഭിക്കുവാനുള്ള താമസമെന്ന് അധികൃതർ പറയുന്നു.
അതുപോലെ തിടനാട് പഞ്ചായത്ത് വക പകൽവീട് നിർമിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിച്ചില്ല. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് കുരിശുങ്കൽ ജംഗ്ഷനു സമീപം പാക്കയം തോടിന്റെ തീരത്ത് പകൽവീട് നിർമിച്ചത്. ജില്ലാപഞ്ചായത്തിൽ നിന്നുള്ള ഇരുപതു ലക്ഷം രൂപ ഉപയോഗിച്ചായിരുന്നു നിർമാണം. പകൽസമയങ്ങളിൽ വീടുകളിൽ ഒറ്റയ്ക്കാവുന്ന വയോജനങ്ങൾക്ക് വിശ്രമിക്കാനും വിനോദങ്ങളിൽ ഏർപ്പെടുന്നതിനുമായാണ് പകൽവീട് പദ്ധതി ആരംഭിച്ചത്.
ഉദ്ഘാടനം കഴിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും തുറന്നുകൊടുക്കാത്തതിൽ വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. രാത്രിസമയത്ത് സാമൂഹ്യവിരുദ്ധർക്ക് കയറുവാൻ സാധിക്കാത്ത വിധത്തിൽ അടച്ചുറപ്പാക്കുകയാണെങ്കിൽ മാത്രമേ പകൽവീട് സുരക്ഷിതമാവുകയുള്ളു.






