തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപിച്ച് പരാതി. കൃത്യമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് രോഗി മരിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയ്ക്കെത്തിച്ച കൊല്ലം ചടയമംഗലം സ്വദേശി സുകുമാര പിള്ള (87) ആണ് മരിച്ചത്.
ആശുപത്രിയിൽ ചികിത്സയിലിരിക്കെ കട്ടിലിൽ നിന്ന് താഴെ വീണതിന് പിന്നാലെയാണ് സുകുമാര പിള്ളയുടെ ആരോഗ്യനില ഗുരുതരമായതെന്നാണ് കുടുംബം പറയുന്നത്. സംഭവത്തിൽ കുടുംബത്തിന്റെ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസ് എടുത്തു.
ഈ മാസം 26നാണ് സുകുമാര പിള്ളയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയുന്നതിനിടെ 29ന് കട്ടിലിൽ നിന്ന് താഴെ വീഴുകയായിരുന്നു. വീഴ്ചയിൽ തലയ്ക്കും കണ്ണിനും ഗുരുതരമായി പരിക്കേറ്റു. അതുവരെ സംസാരിച്ചിരുന്ന സുകുമാര പിള്ള പിന്നീട് സംസാരിക്കാതായെന്നും കുടുംബം ആരോപിക്കുന്നു.
അവശനിലയിലായിട്ടും രോഗിയെ ഐസിയുവിലേക്ക് മാറ്റിയില്ലെന്നും കുടുംബം പറയുന്നു. കട്ടിലിൽ നിന്ന് വീണ് തലയിൽ മുറിവേറ്റപ്പോൾ അതേ ബെഡിൽ വെച്ചാണ് സ്റ്റിച്ച് ഇട്ടതെന്നും ആരോപണമുണ്ട്. ഹാൻഡ് റെയിൽ ഉള്ള കട്ടിൽ നൽകിയിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നുവെന്ന് മകൾ ശ്യാമള ദേവി പറഞ്ഞു.
അതേസമയം, സുകുമാര പിള്ളയ്ക്ക് ചികിത്സ നൽകുന്നതിൽ ആശുപത്രിയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി. രോഗിക്കൊപ്പം രണ്ട് ബന്ധുക്കൾ ഉണ്ടായിരുന്നുവെന്നും ഇവർ ഒപ്പമില്ലാത്ത സമയത്താണ് രോഗി കട്ടിലിൽ നിന്ന് വീണതെന്നും സൂപ്രണ്ട് പറഞ്ഞു.
ഹാൻഡ് റെയിൽ ഉള്ള കട്ടിൽ നൽകുന്നതിന് ചില മാനദണ്ഡങ്ങളുണ്ടെന്നും അതിനാലാണ് അത്തരത്തിലുള്ള കട്ടിൽ നൽകാതിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. വീണ ഉടൻ തന്നെ രോഗിക്ക് ആവശ്യമായ ചികിത്സ നൽകിയെന്നും ഐസിയുവിലേക്ക് മാറ്റേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും സൂപ്രണ്ട് വ്യക്തമാക്കി.
ആശുപത്രിയുടെ ഭാഗത്ത് നിന്ന് ചികിത്സാ പിഴവൊന്നും ഉണ്ടായിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.



