ആലപ്പുഴ: സംസ്ഥാനത്തെ റേഷന്‍കട ഉടമകള്‍ക്ക് വിരമിക്കല്‍ പ്രായപരിധി കര്‍ശനമാക്കി സിവില്‍ സപ്ലൈസ് കമ്മിഷണറുടെ സര്‍ക്കുലര്‍. 70നു മുകളില്‍ പ്രായമുള്ളവര്‍ക്കു ലൈസന്‍സ് പുതുക്കി നല്‍കേണ്ടെന്നാണു നിര്‍ദേശം. നിലവില്‍ 70 വയസ്സ് പിന്നിട്ടവര്‍ ലൈസന്‍സ് അനന്തരാവകാശിക്കു മാറ്റി നല്‍കണം. 2026 ജനുവരി 20നകം ഇങ്ങനെ മാറ്റി നല്‍കാത്ത ലൈസന്‍സുകള്‍ റദ്ദാക്കി പുതിയ ലൈസന്‍സിയെ നിയമിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
റേഷനിങ് കണ്ട്രോള് ഓര്‍ഡര്‍ പ്രകാരം റേഷന്‍ വ്യാപാരികള്‍ക്ക് 62 വയസ്സ് പ്രായപരിധി നിശ്ചയിച്ചിരുന്നെങ്കിലും കര്‍ശനമാക്കിയിരുന്നില്ല. 2021ല്‍ കേരള ടാര്‍ഗറ്റഡ് പബ്ലിക് ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം(KTPDS) നിലവില്‍ വന്നതോടെ എല്ലാ വ്യാപാരികള്‍ക്കും 5 വര്‍ഷത്തേക്കു ലൈസന്‍സ് നീട്ടിനല്‍കി.
ആ കാലാവധി 2026ല്‍ കഴിയുമെന്നിരിക്കെ പ്രായമേറെയുള്ള വ്യാപാരികള്‍ക്കു ലൈസന്‍സ് നീട്ടി നല്കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇത്തരം അപേക്ഷകളില്‍ ലൈസന്‍സ് തല്ക്കാലം നീട്ടി നല്‍കേണ്ടെന്നു സപ്ലൈ ഓഫിസര്‍മാര്‍ക്കു വാക്കാല്‍ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണു വ്യക്തത വരുത്തി സര്‍ക്കുലര്‍ പുറത്തിറങ്ങിയത്.
പ്രായപരിധി കര്‍ശനമാക്കുന്നതോടെ 70 വയസ്സാകും മുന്‍പേ ലൈസന്‍സ് കൈമാറിയില്ലെങ്കില്‍ റേഷന്‍കട ലൈസന്‍സ് നഷ്ടപ്പെടും. അനന്തരാവകാശിക്കോ 10 വര്‍ഷത്തിലേറെ സര്‍വീസുള്ള സെയില്‍സ് മാനോ ആണു ലൈസന്‍സ് കൈമാറാനാകുന്നത്. അങ്ങനെ ആരും ഇല്ലെങ്കില്‍ ലൈസന്‍സ് നഷ്ടപ്പെട്ടേക്കാം.






