കൊച്ചി: ഇ ഡി ഉദ്യോഗസ്ഥന്‍ മുഖ്യ പ്രതിയായ കോഴക്കേസില്‍ മൂന്ന് പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. കേസില്‍ രണ്ടും മൂന്നും നാലും പ്രതികള്‍ക്കാണ് ജാമ്യം. പ്രതികളായ വില്‍സണ്‍,മുകേഷ് മുരളി, രഞ്ജിത്ത് എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കാനിരിക്കെയാണ് ജാമ്യം അനുവദിച്ചത്. അടുത്ത ഏഴ് ദിവസം ദിവസവും മൂവരും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകണം. കേസ് അന്വേഷണ സംഘവുമായി സഹകരിക്കണം. കസ്റ്റഡി നീട്ടി നല്‍കണമെന്ന് അന്വേഷണത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
ഇ ഡി കേസ് ഒതുക്കാന്‍ കൊല്ലം സ്വദേശിയില്‍ നിന്ന് കോഴ വാങ്ങാന്‍ ശ്രമിച്ച കേസിലായിരുന്നു അറസ്റ്റ്. കൊച്ചി എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ് യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറാണ് കേസിലെ ഒന്നാം പ്രതി. ഇ ഡി ഉദ്യോഗത്തിനെതിരെയുള്ള തെളിവ് സമാഹരണം പുരോഗമിക്കുകയാണ്. ഇയാളെ ഇതുവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ല.






