കോഴിക്കോട് : ജപ്പാൻ ജ്വരത്തിനെതിരെ വാക്സിൻ സ്വീകരിച്ച മൂന്ന് കുട്ടികളെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് കുട്ടികൾ ചികിത്സയിൽ കഴിയുന്നത്. വാക്സിൻ എടുത്തതിന് പിന്നാലെ ഇവർക്ക് ഛർദ്ദി, കാഴ്ചക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.അതേസമയം, സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം. വാക്സിൻ സ്വീകരിക്കുന്ന ചിലർക്കു സാധാരണയായി ഉണ്ടാകാവുന്ന താൽക്കാലിക പാർശ്വഫലങ്ങളാണ് കുട്ടികളിൽ കണ്ടതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം വ്യക്തമാക്കി. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവിൽ എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ടെന്നും ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രി വിടാൻ കഴിയുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ജപ്പാൻ ജ്വര വാക്സിനേഷൻ സുരക്ഷിതമാണെന്നും ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ കണ്ട് പൊതുജനങ്ങൾ ഭീതിയിലാകേണ്ടതില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.




