എറണാകുളം: കോതമംഗലം വടാട്ടുപാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. സമീപത്തെ സ്വകാര്യ ഡെന്റൽ കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽ മരിച്ചത്. വടാട്ടുപാറ പലവൻപടി പുഴയിലാണ് ദാരുണ സംഭവം ഉണ്ടായത്.
ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. സഹപാഠികളോടൊപ്പം പുഴയിൽ ഇറങ്ങിയ വിദ്യാർഥികൾ ശക്തമായ അടിയൊഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു.
മണിക്കൂറുകളോളം നടത്തിയ തെരച്ചിലിനൊടുവിൽ അപകടസ്ഥലത്തിന് സമീപത്തുനിന്നുതന്നെ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.






