ന്യൂഡൽഹി: പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഒമ്പത് മാസം മാത്രം ബാക്കിയിരിക്കെ ആംആദ്മി പാർട്ടിക്ക് തിരിച്ചടിയായി മന്ത്രി സഞ്ജീവ് അറോറയുടെ അറസ്റ്റ്. 100 കോടി രൂപയുടെ കള്ളപ്പണക്കേസിൽ അറസ്റ്റിലായ അറോറയെ ഏഴ് ദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടു. ബിജെപിയിൽ ചേരാൻ വിസമ്മതിക്കുന്നവരെ കള്ളക്കേസുകളിൽ കുടുക്കി കേന്ദ്ര ഏജൻസികൾ വേട്ടയാടുകയാണെന്ന് എഎപി ആരോപിച്ചു.
പാർട്ടി എംപിമാർ ബിജെപിയിലേക്ക് ചേക്കേറിയതിന്റെ ആഘാതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്നതിനിടെയാണ് കാബിനറ്റ് മന്ത്രിക്കെതിരെ ഇഡി നടപടി ഉണ്ടായത്. ഇന്നലെ പുലർച്ചെ സഞ്ജീവ് അറോറയുടെ ഔദ്യോഗിക വസതിയുൾപ്പെടെ അഞ്ച് ഇടങ്ങളിൽ ഇഡി റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിച്ച വ്യാജ കമ്പനികൾ വഴി മൊബൈൽ ഫോണുകൾക്ക് വ്യാജ പർച്ചേസ് ബില്ലുകൾ സൃഷ്ടിച്ച് ഇൻപുട്ട് ടാക്സ് ക്രെഡിറ്റും ജിഎസ്ടി റീഫണ്ടും തട്ടിയെടുത്തുവെന്നാണ് ഇഡിയുടെ ആരോപണം. ഇത്തരത്തിൽ സമ്പാദിച്ച പണം ദുബായ് വഴി ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് നിയമവിധേയമാക്കാൻ ശ്രമിച്ചെന്നും അന്വേഷണ ഏജൻസി പറയുന്നു.
ലുധിയാന വെസ്റ്റ് മണ്ഡലത്തിലെ എംഎൽഎയായ സഞ്ജീവ് അറോറ മുൻപ് രാജ്യസഭാംഗമായിരുന്നു. ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നെങ്കിലും പാർട്ടിക്കൊപ്പമെന്ന നിലപാട് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനുമുമ്പ് ബിജെപിയിൽ ചേർന്ന മുൻ എംപി അശോക് മിത്തലിന്റെ സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.
ഏജൻസികളെ ഉപയോഗിച്ച് എഎപിയെ തകർക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് പാർട്ടി ആരോപിച്ചു. ഇഡി ബിജെപിയുടെ രാഷ്ട്രീയ ആയുധമായി മാറിയെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ പ്രതികരണം. അറസ്റ്റിനെതിരെ ദില്ലിയുൾപ്പെടെ വിവിധ ഇടങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് എഎപി തീരുമാനം.






