ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവാരൂർ ജില്ലയിൽ മൂന്ന് വയസുകാരനായ പ്രീ-കെ.ജി വിദ്യാർഥിയെ ക്ലാസ് മുറിക്കുള്ളിൽ കൈകൾ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അധ്യാപികയ്ക്കും വനിതാ ജീവനക്കാരിക്കുമെതിരെ പൊലീസ് കേസെടുത്തു. തിരുത്തുറൈപൂണ്ടിയിലെ സ്വകാര്യ സ്കൂളിലാണ് ഞെട്ടിക്കുന്ന സംഭവം. അധ്യാപികയുടെ നിർദേശങ്ങൾ അനുസരിക്കാതിരിക്കുകയും വികൃതി കാണിക്കുകയും ചെയ്തതിനെ തുടർന്നാണ് കുട്ടിയെ വിനൈൽ ഷീറ്റിൽ പൊതിഞ്ഞ് കൈകൾ കെട്ടിയിട്ടതെന്നാണ് പരാതി.
ക്ലാസ് മുറിയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ കുട്ടിയുടെ കൈകൾ കെട്ടിയ നിലയിൽ കാണാം. എഴുന്നേൽക്കാൻ പ്രയാസപ്പെടുന്ന കുട്ടി കെട്ടഴിക്കാൻ കയറിൽ കടിക്കുന്നതും വേദനയും അസ്വസ്ഥതയും കാരണം നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കണ്ണിന് സമീപം പരിക്കേറ്റ് രക്തം വരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വനിതാ അറ്റൻഡറാണ് കുട്ടിയെ വിനൈൽ ഷീറ്റിൽ പൊതിഞ്ഞ് കെട്ടിയിട്ടതെന്നും അധ്യാപിക സമീപത്ത് ഉണ്ടായിരുന്നുവെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. കെട്ടിയിട്ട നിലയിൽ കുട്ടി താഴെ വീണാണ് കണ്ണിന് സമീപം പരിക്കേറ്റതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവം പുറത്തറിഞ്ഞത്
സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിൽ പരിക്കുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. പിതാവ് കാര്യം അന്വേഷിച്ചപ്പോൾ അധ്യാപികയും വനിതാ അറ്റൻഡറും തന്നെ ഉപദ്രവിച്ചതായി കുട്ടി പറഞ്ഞു. തുടർന്ന് സ്കൂളിലെത്തിയ പിതാവ് ക്ലാസ് മുറിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു.
കുട്ടി നിലവിളിക്കുമ്പോൾ മറ്റ് വിദ്യാർഥികളും അധ്യാപികയെന്ന് കരുതുന്ന സ്ത്രീയും ക്ലാസ് മുറിയിൽ ഇരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കുട്ടിയെ കെട്ടിയിട്ട നിലയിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിക്കുന്നതിനുപകരം ജീവനക്കാർ നിസ്സംഗതയോടെ ഇരിക്കുന്നതായും ദൃശ്യങ്ങളിൽ വ്യക്തമാണ്.
സി.സി.ടി.വി ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പിതാവ് തിരുത്തുറൈപൂണ്ടി പൊലീസിൽ പരാതി നൽകി. കുട്ടികളോടുള്ള ക്രൂരത, അനാസ്ഥ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അധ്യാപികയ്ക്കും വനിതാ അറ്റൻഡർക്കുമെതിരെ കേസെടുത്തത്. സംഭവത്തിന് പിന്നാലെ ഇരുവരെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി സ്കൂൾ മാനേജ്‌മെന്റ് അറിയിച്ചു.


