തൃശ്ശൂർ: സർക്കാർ മേഖലയിലെ അർബുദ ചികിത്സയിൽ പുതിയ നേട്ടവുമായി തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ്. സർജിക്കൽ ഓങ്കോളജി വിഭാഗത്തിൽ ആദ്യമായി നടത്തിയ സങ്കീർണ സൈറ്റോറിഡക്ടീവ് ശസ്ത്രക്രിയയും ഹൈപെക് ചികിത്സയും വിജയകരമായി പൂർത്തിയാക്കി. ചികിത്സയ്ക്ക് വിധേയയായ 54-കാരി ഇപ്പോൾ സുഖം പ്രാപിച്ചിരിക്കുകയാണ്.
കുടലിനോടു ചേർന്ന അപ്പെൻഡിക്സിൽ ഉണ്ടായ ‘സ്യൂഡോമൈക്സോമ പെരിറ്റോണി’ എന്ന അപൂർവ കാൻസർ ബാധിച്ച സ്ത്രീയ്ക്കാണ് ചികിത്സ നൽകിയത്. സ്വകാര്യ ആശുപത്രികളിൽ 8 മുതൽ 10 ലക്ഷം രൂപ വരെ ചെലവാകുന്ന ചികിത്സ തൃശ്ശൂർ മെഡിക്കൽ കോളേജിൽ പൂർണമായും സൗജന്യമായി നടത്തി. ശസ്ത്രക്രിയയ്ക്കൊപ്പം പ്രത്യേക രീതിയിലുള്ള ഹൈപെക് കീമോതെറാപ്പിയും രോഗിക്ക് നൽകി. കുടലിലെ അർബുദത്തിനൊപ്പം അണ്ഡാശയ കാൻസറിനും ഈ ചികിത്സ ഫലപ്രദമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
ഏഴ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. ശരത് കെ. കൃഷ്ണൻ, ഡോ. സഹീർ നെടുവഞ്ചേരി, മെഡിക്കൽ ഓങ്കോളജിസ്റ്റ് ഡോ. ടിന്റു എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘമാണ് നേതൃത്വം നൽകിയത്. മറ്റ് നിരവധി ഡോക്ടർമാരും നഴ്സുമാരും ചികിത്സയിൽ പങ്കാളികളായി. ദൈർഘ്യമേറിയ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ ആരോഗ്യനില സ്ഥിരതയോടെ നിലനിർത്തുന്നതിൽ അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടർമാരും നിർണായക പങ്കുവഹിച്ചു.
10 ദിവസത്തെ ചികിത്സയ്ക്ക് ശേഷം രോഗി ആശുപത്രി വിട്ടു. ഹൈപെക് പോലുള്ള ആധുനിക ചികിത്സ സർക്കാർ ആശുപത്രികളിൽ ലഭ്യമാകുന്നത് അപൂർവവും സങ്കീർണവുമായ ഉദര കാൻസർ രോഗികൾക്ക് വലിയ ആശ്വാസമാകുമെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.




