കാസർഗോഡ്: കാസർഗോഡ് ജില്ലയിലെ മുളിയാർ പഞ്ചായത്തിൽ പട്ടാപ്പകൽ പുലിയിറങ്ങി. വീടിന്റെ മുറ്റത്ത് നിന്ന് കോഴിയെ പിടിച്ചെടുത്തത് പ്രദേശവാസികളിൽ വലിയ ഭീതിയുണ്ടാക്കി. സംഭവസമയത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ട് വയസ്സുകാരൻ ഭാഗ്യവശാൽ രക്ഷപെട്ടു.
സംഭവം നടന്നത് കുമ്ബഡാജെ മൗവ്വാറിൽ നിന്നുള്ള അശോകനും കുടുംബവുമാണ് താമസിച്ചുകൊണ്ടിരുന്ന, കുട്ടിയാനത്തെ എം. ശിവപ്രസാദിന്റെ വീട്ടുമുറ്റത്താണ്. ഇന്നലെ രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. അശോകൻ ജോലി സ്ഥലത്തുണ്ടായിരുന്നപ്പോൾ ഭാര്യ കാവ്യയും മകൻ ആയുഷുമാണ് വീട്ടിലുണ്ടായിരുന്നത്.
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ആയുഷിന്റെ കരച്ചിൽ കേട്ട് പുറത്തിറങ്ങിയ കാവ്യ പുലിയെ കണ്ട് മുറ്റത്തിറങ്ങി കുഞ്ഞിനെ അകത്ത് എത്തിക്കുകയും ചെയ്തു. തുടർന്ന് പുലി വീട്ടുമുറ്റത്ത് ഉണ്ടായിരുന്ന കോഴിയേയും പിടിച്ചുമാറ്റി കാട്ടിലേക്ക് മറഞ്ഞു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ചെളിയിലുണ്ടായിരുന്ന കാൽപാടുകൾ പരിശോധിച്ചപ്പോൾ പുളിയുടെതാണെന്ന് സ്ഥിരീകരിച്ചത്. കൂടാതെ, പുലിയുടെ രോമങ്ങളും സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.
മുളിയാർ പഞ്ചായത്തിൽ കഴിഞ്ഞ രണ്ട് വർഷങ്ങളായി പുലി ശല്യം തുടരുകയാണ്. പക്ഷേ, വീടിന്റെ മുറ്റത്ത് പകൽസമയം ഇതുപോലൊരു പുലിയിറക്കം ആദ്യമായാണ്. കഴിഞ്ഞ ജൂലൈയിൽ ബാവിക്കര അമ്മങ്കല്ലിയിൽ രണ്ട് ദിവസം തുടർച്ചയായി പുലിയെ കണ്ടതായി റിപ്പോർട്ടുണ്ടായിരുന്നുവെങ്കിലും, വലിയ ആക്രമണമൊന്നും ഉണ്ടായിട്ടില്ല.






