തൃശ്ശൂര്‍ : കേന്ദ്രമന്ത്രി സുരേഷ് ഗോപി പുലിപ്പല്ല് കെട്ടിയ മാല ഉപയോഗിച്ചെന്ന പരാതിയില്‍ പട്ടിക്കാട് ഫോറസ്റ്റ് സ്റ്റേഷനില്‍ പരാതിക്കാരന്‍ മൊഴി നല്‍കി. ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഹാഷിമാണ് പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് മുന്നില്‍ മൊഴി നല്‍കിയത്.
കേന്ദ്രമന്ത്രി പുലിപ്പല്ല് കെട്ടിയ മാല ഉപയോഗിച്ചതോടെ 1972-ലെ വനം-വന്യജീവി സംരക്ഷണ നിയമ ലംഘനം നടത്തിയെന്നും സംഭവവുമായി ബന്ധപ്പെട്ട് കൈവശമുള്ള മുഴുവന്‍ രേഖകളും വനംവകുപ്പിന് കൈമാറിയെന്നും പരാതിക്കാരന്‍ പറഞ്ഞു. വിശ്വാസ സംരക്ഷണ റാലിയില്‍ പങ്കെടുത്തപ്പോള്‍ സുരേഷ് ഗോപി പുലിപ്പല്ല് കെട്ടിയ മാല ധരിച്ചിരുന്നെന്ന് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ യഥാര്‍ഥ പുലിപ്പല്ല് ആണോ എന്നതില്‍ സ്ഥിരീകരണം വേണ്ടതിനാലും വനം- വന്യജീവി നിയമത്തിന്റെ കീഴില്‍ വരുന്ന വിഷയമായതിനാലും തുടരന്വേഷണം വനം വകുപ്പിന് കൈമാറുകയായിരുന്നു. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വനംവകുപ്പ് അന്വേഷണം വിപുലമാക്കും.




