ന്യൂഡൽഹി: നീറ്റ് യു.ജി. പുനഃപരീക്ഷ കർശന സുരക്ഷയോടെ നടത്താനും മുൻ പരീക്ഷയിൽ ഉണ്ടായ പിഴവുകൾ പൂർണമായി പരിഹരിക്കാനും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ നിർദേശം നൽകി. പരീക്ഷ ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകിയത്. മുൻ പരീക്ഷയിൽ കണ്ടെത്തിയ എല്ലാ വീഴ്ചകളും പരിഹരിച്ച് പരീക്ഷയുടെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പുനഃപരീക്ഷയ്ക്കിടെ കർശന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും കളക്ടർമാരുമായും പോലീസ് സൂപ്രണ്ടുമാരുമായും ഏകോപന യോഗങ്ങൾ നടത്തണമെന്നും മന്ത്രി നിർദേശിച്ചു. പരീക്ഷാകേന്ദ്രങ്ങളിൽ സുരക്ഷയിലും ജാഗ്രതയിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകരുതെന്നും വ്യക്തമാക്കി. വിദ്യാർഥികൾക്ക് ഗതാഗത സൗകര്യം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാനും നിർദേശം നൽകിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ചോദ്യച്ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ് യു.ജി. പരീക്ഷ ജൂൺ 21-നാണ് വീണ്ടും നടത്തുന്നത്.






