ആന്ധ്രപ്രദേശ്: തിരുപ്പതി ക്ഷേത്രത്തിലെ ലഡ്ഡു നിർമാണത്തിനായി ഉപയോഗിച്ച നെയ്യിൽ മായം കലർത്തിയതുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സുകൃതി ഫുഡ്സ് പ്രൊമോട്ടർ കൈലാസ് ചന്ദ് മംഗ്ലയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. സെപ്റ്റംബർ 17ന് ഹൈദരാബാദിലെ ഇഡി ഓഫീസിൽവച്ചാണ് മംഗ്ലയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് വിശാഖപട്ടണത്തെ പ്രത്യേക പിഎംഎൽഎ കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതായി ഇഡി അറിയിച്ചു.
തിരുമല തിരുപ്പതി ദേവസ്ഥാനത്തിന് ‘അഗ്മാർക്ക് സ്പെഷ്യൽ ഗ്രേഡ് പശുവിൻ നെയ്യ്’ എന്ന പേരിൽ വിതരണം ചെയ്ത നെയ്യ് യഥാർഥ പശുവിൻ നെയ്യല്ലെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് ഇഡി വ്യക്തമാക്കി. ശുദ്ധീകരിച്ച പാമോയിൽ, പാം കേർണൽ ഓയിൽ, പാമോളിൻ എന്നിവയ്ക്കൊപ്പം വിവിധ രാസവസ്തുക്കൾ ഉപയോഗിച്ചാണ് മായം ചേർത്ത നെയ്യ് നിർമിച്ചതെന്നാണ് ഇഡിയുടെ ആരോപണം.
എംജി90, മോണോഗ്ലിസറൈഡുകൾ, മൈവാസെറ്റ് സോഫ്റ്റ് 400, അസറ്റിക് ആസിഡ് എസ്റ്റർ തുടങ്ങിയ രാസവസ്തുക്കളും മായം ചേർത്ത നെയ്യ് നിർമാണത്തിന് ഉപയോഗിച്ചിരുന്നതായി ഏജൻസി അറിയിച്ചു. 2019 മുതൽ 2024 വരെയുള്ള കാലയളവിൽ ടിടിഡിക്ക് വിതരണം ചെയ്ത വ്യാജ നെയ്യിന് 230 കോടി രൂപയുടെ മൂല്യമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഇതിൽ 96 കോടി രൂപയുടെ മായം ചേർത്ത നെയ്യ് മംഗ്ലയാണ് നിർമിച്ചതെന്നും ഏജൻസി അവകാശപ്പെട്ടു.
മായം ചേർക്കുന്നതിനുള്ള വസ്തുക്കൾ സംഭരിക്കുന്നതിനും സ്വന്തം ഫാക്ടറി വളപ്പിൽവച്ച് നെയ്യ് നിർമിക്കുന്നതിനും മംഗ്ല സൗകര്യമൊരുക്കിയെന്നാണ് ഇഡിയുടെ ആരോപണം. മായം ചേർത്ത നെയ്യ് വിവിധ സ്ഥാപനങ്ങൾ വഴി ടിടിഡിക്ക് വിതരണം ചെയ്യുന്നതിലും ഇയാൾ ഏകോപനം നടത്തിയെന്നും ഏജൻസി പറഞ്ഞു.
ശ്രീ വൈഷ്ണവി ഡയറി സ്പെഷ്യാലിറ്റീസ്, മൽഗംഗ മിൽക്ക് ആൻഡ് അഗ്രോ പ്രൊഡക്ട്സ്, എ.ആർ. ഡയറി ഫുഡ്സ് തുടങ്ങിയ സ്ഥാപനങ്ങൾ വഴിയാണ് നെയ്യ് വിതരണം ചെയ്തതെന്നും ഇഡി ആരോപിച്ചു. യഥാർഥ പശുവിൻ നെയ്യാണ് നിർമിച്ച് വിതരണം ചെയ്യുന്നതെന്ന പ്രതീതി സൃഷ്ടിക്കുന്നതിനായി നെയ്യിന്റെയും ശുദ്ധീകരിച്ച പാമോയിലിന്റെയും വിൽപനയും വാങ്ങലുമായി ബന്ധപ്പെട്ട വ്യാജ രേഖകൾ മംഗ്ല തയ്യാറാക്കി സൂക്ഷിച്ചിരുന്നുവെന്നും ഏജൻസി വ്യക്തമാക്കി.
സമാന ആരോപണങ്ങളിൽ ഭോലെ ബാബ ഓർഗാനിക് ഡയറി മിൽക്കിന്റെ പ്രൊമോട്ടറും ഡയറക്ടറുമായ വിപിൻ ജെയിനിനെയും ഇഡി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.












