ഇംഗ്ലണ്ട്: ലോകത്തെ നടുക്കിയ ടൈറ്റാനിക് കപ്പൽ ദുരന്തവുമായി ബന്ധപ്പെട്ട അപൂർവ വസ്തുക്കൾ വീണ്ടും വൻ തുകയ്ക്ക് ലേലത്തിൽ വിറ്റുപോയി. ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട ഒന്നാം ക്ലാസ് യാത്രക്കാരി ലോറ മാബെൽ ഫ്രാങ്കാറ്റെല്ലി ധരിച്ചിരുന്ന ലൈഫ് ജാക്കറ്റാണ് ഈ തവണ ലേലത്തിലെ പ്രധാന ആകർഷണമായത്.
ഇംഗ്ലണ്ടിലെ ഹെൻറി ആൽഡ്രിഡ്ജ് ആൻഡ് സൺ ലേല കമ്പനിയാണ് ലേലം നടത്തിയത്. 6,70,000 പൗണ്ടിന് (ഏകദേശം ഒൻപത് കോടി രൂപ) ലൈഫ് ജാക്കറ്റ് വിറ്റുപോയി. ലോറയുടെയും കൂടെയുണ്ടായിരുന്ന മറ്റു രക്ഷപ്പെട്ടവരുടെയും ഒപ്പുകൾ ജാക്കറ്റിൽ രേഖപ്പെടുത്തിയിരുന്നതാണ് ഇതിന്റെ പ്രത്യേകത. ഫോൺ വഴി പങ്കെടുത്ത അജ്ഞാത വ്യക്തിയാണ് ഇത് സ്വന്തമാക്കിയത്.
പ്രശസ്ത ഫാഷൻ ഡിസൈനർ ലൂസി ഡഫ് ഗോർഡനും ഭർത്താവ് കോസ്മോ ഡഫ് ഗോർഡനുമൊപ്പമാണ് ലോറ ടൈറ്റാനിക്കിൽ യാത്ര ചെയ്തിരുന്നത്. ദുരന്തസമയത്ത് ഇവർ ലൈഫ് ബോട്ട് നമ്പർ ഒന്നിലൂടെയാണ് രക്ഷപ്പെട്ടത്.
ഇതിനു പുറമെ ടൈറ്റാനിക്കുമായി ബന്ധപ്പെട്ട മറ്റ് വസ്തുക്കളും ഉയർന്ന വിലയ്ക്ക് ലേലത്തിൽ വിറ്റു. ലൈഫ് ബോട്ടിലുണ്ടായിരുന്ന ഒരു സീറ്റ് കുഷ്യൻ 3,90,000 പൗണ്ടിന് (ഏകദേശം 4.88 കോടി രൂപ) വിറ്റുപോയി. അമേരിക്കയിലെ ടെന്നസി, മിസോറി സംസ്ഥാനങ്ങളിലെ ടൈറ്റാനിക് മ്യൂസിയം ഉടമകളാണ് ഇത് സ്വന്തമാക്കിയത്.
1912 ഏപ്രിൽ 15-ന് ഇംഗ്ലണ്ടിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള ആദ്യ യാത്രയ്ക്കിടെ വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ മഞ്ഞുമലയിലിടിച്ച് ടൈറ്റാനിക് കപ്പൽ തകർന്നിരുന്നു. ഏകദേശം 2,200 യാത്രക്കാരിൽ 1,500 പേർക്ക് ജീവൻ നഷ്ടമായി.
2024-ൽ നടന്ന ലേലത്തിൽ കാർപാത്തിയ കപ്പലിന്റെ ക്യാപ്റ്റന്റെ സ്വർണ വാച്ചാണ് ഇതുവരെ ഏറ്റവും ഉയർന്ന വിലയ്ക്ക് വിറ്റുപോയ ടൈറ്റാനിക് സ്മാരക വസ്തു. ഏകദേശം 19.55 കോടി രൂപയാണ് അന്ന് ലഭിച്ചത്.






