യാഷ് നായകനാകുന്ന ‘ടോക്‌സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്പ്‌സ്’ എന്ന ചിത്രത്തിന്റെ ലോകം കൂടുതൽ തീവ്രതയോടെ അവതരിപ്പിക്കുന്ന പുതിയ പ്രൊമോ വീഡിയോ ‘ലേഡീസ് & ലേഡീസ്’ പുറത്തിറങ്ങി. ചിത്രത്തിലെ ശക്തവും നിർണായകവുമായ സ്ത്രീ കഥാപാത്രങ്ങളെയാണ് വീഡിയോ പ്രധാനമായി പരിചയപ്പെടുത്തുന്നത്.
ധൈര്യവും ആത്മവിശ്വാസവും വിമതസ്വഭാവവും നിറഞ്ഞ കഥാപാത്രങ്ങളിലൂടെ നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവർ ഓരോ ഫ്രെയിമിലും ശ്രദ്ധേയ സാന്നിധ്യമായി മാറുന്നു. കഥയുടെ ഗതി നിർണയിക്കുന്ന സ്ത്രീ കഥാപാത്രങ്ങൾക്കാണ് ചിത്രത്തിൽ വലിയ പ്രാധാന്യമുണ്ടെന്ന സൂചനയാണ് വീഡിയോ നൽകുന്നത്.
ബോൾഡ് ലുക്കിൽ നയൻതാരയും, നിഗൂഢത നിറഞ്ഞ കഥാപാത്രവുമായി കിയാര അദ്വാനിയും, സ്വതന്ത്ര സ്വഭാവമുള്ള കഥാപാത്രമായി താര സുതാരിയയും, തീവ്രമായ പ്രകടനവുമായി രുക്മിണി വസന്തും, ശ്രദ്ധേയ സാന്നിധ്യമായി ഹുമ ഖുറേഷിയും വീഡിയോയിൽ എത്തുന്നു. സ്ത്രീയുടെ കാഴ്ചപ്പാടിലൂടെ കഥ അവതരിപ്പിക്കുന്ന വനിതാ വോയ്‌സ് ഓവറും വീഡിയോയ്ക്ക് കൂടുതൽ ശക്തി പകരുന്നു.
ആരംഭം മുതൽ തന്നെ വ്യത്യസ്ത അവതരണശൈലിയാണ് വീഡിയോ സ്വീകരിക്കുന്നത്. “കുട്ടികൾ… അകന്നു നിൽക്കുക. മാതാപിതാക്കൾ… നിങ്ങളുടെ കുട്ടികൾ അകന്നു നിൽക്കുന്നുവെന്ന് ഉറപ്പാക്കുക. മുത്തച്ഛൻമാരും മുത്തശ്ശിമാരും… നിങ്ങളുടെ കുട്ടികളുടെ കുട്ടികൾ അകന്നു നിൽക്കുന്നുവെന്ന് ഉറപ്പാക്കുക. മുതുമുത്തച്ഛൻമാരും മുതുമുത്തശ്ശിമാരും… സ്വന്തം ഉത്തരവാദിത്തത്തിൽ മാത്രം കാണുക” എന്ന മുന്നറിയിപ്പോടെയാണ് വീഡിയോ ആരംഭിക്കുന്നത്.
പ്രശസ്ത സംവിധായിക ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ യാഷാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിച്ചിരിക്കുന്ന ‘ടോക്‌സിക്’ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലും റിലീസ് ചെയ്യും. മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും കെ.വി.എൻ. പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 26-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.




