ചാലക്കുടി: മണ്ണുത്തി-ഇടപ്പള്ളി ദേശീയ പാതയിലെ പണി നടക്കുന്ന സ്ഥലങ്ങളിലെ ഗതാഗത കുരിക്കിന് നേരിയ ആശ്വാസം. വാഹനങ്ങള്‍ വഴി തിരിച്ച് വിട്ടാണ് ഗതാഗത നിയന്ത്രണം നടത്തുന്നത്. വെള്ളിയാഴ്ച രാത്രി 11 മണിയോടുകൂടി കുഴിയില്‍പെട്ട് തടിലോറി മറിഞ്ഞതാണ് 16 മണിക്കൂറിലധികമായി നീളുന്ന വലിയ ഗതാഗതക്കുരുക്കിന് കാരണമായത്. അതേസമയം ഗതാഗത കുരുക്ക് പരിഹരിക്കാന്‍ വേണ്ട ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ചാലക്കുടി ഡിവൈഎസ്പി പിസി ബിജുകുമാര്‍ പറഞ്ഞു.
അപ്രതീക്ഷിതമായി തടി ലോറി അപകടത്തില്‍പ്പെട്ടതാണ് ഗതാഗതകുരുക്ക് ഇത്രയും രൂക്ഷമാകാന്‍ കാരണം. കൂടാതെ പ്രതീക്ഷിച്ചതിലും കൂടുതല്‍ വലിയ ചരക്ക് വാഹനങ്ങളും വന്നു. മുരിങ്ങൂര്‍, പോട്ട, കൊടകര ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ വഴി തിരിച്ച് മാള, അത്താണിയില്‍ എന്നീ സ്ഥലങ്ങളില്‍ എത്തുന്ന രീതിയിലാണ് പുതിയ ഗതാഗത ക്രമീകരണം.
കൂടാതെ കൊടകരയിലും പോട്ടയിലും വാഹനങ്ങള്‍ക്ക് പോകാന്‍ വേണ്ട ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇവിടെയുള്ള വാഹനങ്ങള്‍ വഴി തിരിച്ച് ആളൂര്‍ വഴി അത്താണിയില്‍ എത്താമെന്നുള്ള രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാര്‍ നിര്‍ബന്ധമായും ഈ വഴി പോകണമെന്നതാണ് നിര്‍ദ്ദേശം. മുരിങ്ങൂരും വാഹനങ്ങള്‍ വഴി തിരിച്ചു വിടുകയാണ്. എറണാകുളം ഭാഗത്തേക്കുള്ള ചെറു വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നുണ്ട്.
അതേസമയം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 20-ാം തീയതിവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ മൂന്ന് മണിക്കൂറിന് മുമ്പ് തന്നെ എത്തണമെന്നാണ് സിയാല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.






