അഹമ്മദാബാദ്: റെഡിമെയ്ഡ് മാവുകൊണ്ട് ദോശയുണ്ടാക്കി. അഹമ്മദാബാദിൽ രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. മാതാപിതാക്കള്‍ ഗുരുതരാവസ്ഥയില്‍. മൂന്ന് മാസം പ്രായമുള്ള റാഹയും നാല് വയസ്സുകാരിയായ മിശ്രിയും ആണ് മരിച്ചത്. മാതാപിതാക്കളായ വിമൽ പ്രജാപതിയും ഭാവന പ്രജാപതിയും ചികിത്സയിൽ തുടരുകയാണ്.
വീടിനടുത്തുള്ള കടയിൽ നിന്ന് വാങ്ങിയ ദോശമാവുപയോഗിച്ച് ഏപ്രിൽ 1-ന് വിമൽ ദോശ തയ്യാറാക്കി കഴിച്ചു. തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും, അത് ഭക്ഷണവുമായി ബന്ധമുണ്ടെന്ന് തിരിച്ചറിയാനായില്ല. പിന്നാലെ ഭാവനയും അതേ മാവുപയോഗിച്ച് ദോശ തയ്യാറാക്കി കുട്ടികൾക്കും നൽകി.
ഇതിന് ശേഷം കുട്ടികൾക്കും ഛർദ്ദി ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ കുട്ടികളുടെ നില വഷളായി. ഏപ്രിൽ 4-ന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് ആദ്യം മരിക്കുകയും, അടുത്ത ദിവസം നാല് വയസ്സുകാരിയും മരിക്കുകയും ചെയ്തു.
സംഭവത്തിൽ സംശയങ്ങൾ ഉയർന്നതോടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സാധാരണയായി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് കട്ടിയുള്ള ഭക്ഷണം നൽകാറില്ലെന്നതിനാൽ അന്വേഷണം കൂടുതൽ സങ്കീർണ്ണമായിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റ അമ്മ മുലയൂട്ടിയിരുന്നാൽ കുഞ്ഞിനും ബാധിച്ചിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.
ദോശമാവ് പഴകിയതോ വിഷാംശം കലർന്നതോ ആണോ എന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മാവ് സാമ്പിളുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്. റെഡിമെയ്ഡ് ഭക്ഷണങ്ങൾ ഉപയോഗിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.




