മലപ്പുറം: സെൻട്രൽ ജംഗ്ഷനിലെ വൈദ്യുതി ട്രാൻസ്ഫോർമറിന് തീപിടിച്ച് പുകയും തീയും ഉയർന്നതോടെ പ്രദേശത്ത് നിമിഷനേരം ആശങ്ക പടർന്നു. സമീപത്ത് നിരവധി കടകൾ ഉണ്ടായിരുന്നെങ്കിലും, സമയോചിതമായ ഇടപെടൽ മൂലം വലിയ ദുരന്തം ഒഴിവായി.
ട്രാൻസ്ഫോർമറിൽ നിന്നു പുകയും തീയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാരൻ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് ഫയർ ആൻഡ് റെസ്ക്യൂ സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
ഫയർ റെസ്ക്യൂ ഓഫീസർ ഗിരീഷ്, രതീഷ്, അമൽ, ഫയർ റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) സന്ദീപ്, ഹോംഗാർഡ് മുരളി എന്നിവർ അടങ്ങുന്ന സംഘം ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കെ.എസ്.ഇ.ബി ജീവനക്കാരും സ്ഥലത്തെത്തി പരിശോധനയും തുടർനടപടികളും നടത്തി.






