ചെന്നൈ: നടൻ വിജയ് നയിക്കുന്ന ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടന്നതായി ആരോപണം. സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം തടഞ്ഞതായി തമിഴ്നാട് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന്പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ടിവികെയിലെ 15 എംഎൽഎമാരെ രാജിവെപ്പിച്ച് സർക്കാർ താഴെയിറക്കാനായിരുന്നു ശ്രമമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. ഒരു ടിവികെ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
അന്വേഷണത്തിനിടെ ഒരു കൺസൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാരനെ ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. തുടർന്ന് കരൂരിൽ നിന്ന് രണ്ട് പേരെയും കൂടി പൊലീസ് പിടികൂടി. അറസ്റ്റിലായവരിൽ ഒരാൾക്ക് ഡിഎംകെ എംഎൽഎ സെന്തിൽ ബാലാജിയുമായും അദ്ദേഹത്തിന്റെ സഹോദരൻ അശോകുമായും അടുത്ത ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
ഉത്തംഗരൈ ടിവികെ എംഎൽഎ എൻ. ഇളയരാജയാണ് ചെന്നൈ പൊലീസിൽ പരാതി നൽകിയത്. തമിഴ്നാട് നിയമസഭാ സ്പീക്കർ ജെസിഡി പ്രഭാകരനെതിരെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കാൻ 35 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. ഈ കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും എംഎൽഎ ആരോപിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.






