തൃശ്ശൂർ: സ്കൂൾ കുട്ടികൾക്ക് വിൽക്കാനായി സൂക്ഷിച്ച കഞ്ചാവും രാസലഹരിയുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ ആനന്ദപുരം സ്വദേശി ആഷിക്ക് (25), കുട്ടനെല്ലൂർ സ്വദേശി ശ്രീജിത്ത് (38) എന്നിവരാണ് പിടിയിലായത്.
ലഹരിവിൽപ്പന വഴി ലഭിച്ച 1.30 ലക്ഷം രൂപ ആഷിക്കിൽ നിന്ന് പോലീസ് പിടിച്ചെടുത്തു. പാലയ്ക്കൽ ബസ് സ്റ്റോപ്പിന് സമീപത്ത് നിന്നാണ് ഇയാളെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. ശ്രീജിത്തിനെ ചൊവ്വൂരിൽ നിന്ന് രാസലഹരിയുമായാണ് പിടികൂടിയത്.
വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വീടുകയറി ആക്രമണം നടത്തിയ കേസിലും, മാള പോലീസ് സ്റ്റേഷൻ പരിധിയിൽ വാഹനമോടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക് സംഭവിച്ച കേസിലും ശ്രീജിത്ത് പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പ്രതികൾക്കെതിരെ ബാലനീതിനിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. ചേർപ്പ് എസ്.എച്ച്.ഒ. കെ.എൻ. മനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തിയത്.






