കണ്ണൂർ: ജില്ലയിൽ മൊകേരി പഞ്ചായത്തിലെ 4 വയസ്സും 8 വയസ്സും പ്രായമുള്ള രണ്ട് കുട്ടികൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കുട്ടികളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗവ്യാപനം കണക്കിലെടുത്ത് കൂത്തുപറമ്പ് എംഎൽഎ പി.കെ. പ്രവീണിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ഇന്ന് ചേരും. പ്രദേശവാസികൾക്ക് ജില്ലാ ആരോഗ്യ വിഭാഗം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് മരണം സംഭവിച്ച കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തൃശ്ശൂരിൽ പനി ബാധിച്ച് മരിച്ച 43 കാരന് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. കൂടാതെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 7 വയസ്സുകാരനും രോഗം മൂലം മരിച്ചതായി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഈ വർഷം നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഈ വർഷം ഇതുവരെ 110-ത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് രോഗബാധ വർധിച്ചതിനാൽ ആരോഗ്യ വകുപ്പ് ഇത് അസാധാരണ സാഹചര്യമാണെന്ന് വിലയിരുത്തുന്നു. കുടലിനെ ബാധിക്കുന്ന ബാക്ടീരിയ രോഗമാണ് ഷിഗെല്ല. വയറിളക്കം, പനി, വയറുവേദന, ക്ഷീണം, ചിലപ്പോൾ രക്തം കലർന്ന മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗാണു ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം ഏകദേശം മൂന്ന് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണാം. ആരോഗ്യ വകുപ്പ് ജനങ്ങളോട് ശുചിത്വം പാലിക്കാനും ജാഗ്രത പുലർത്താനും നിർദേശം നൽകിയിട്ടുണ്ട്.






