പാലക്കാട്: പാലക്കാട് പല്ലശ്ശന സ്വദേശി 9 വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെ ആരോഗ്യവകുപ്പ് സസ്പെൻഡ് ചെയ്തു. ഡോ. മുസ്തഫ, ഡോ. സർഫറാസ് എന്നിവർക്ക് എതിരെയാണ് നടപടി.
സെപ്റ്റംബർ 24-ന് വീടിന് സമീപത്ത് കളിക്കുന്നതിനിടെ പെൺകുട്ടിക്ക് പരിക്ക് സംഭവിക്കുകയും ജില്ലാ ആശുപത്രിയിൽ പ്ലാസ്റ്റർ ഇടുകയും ചെയ്തു. പിന്നീട് രക്തയോട്ടം നിലച്ചതോടെ കൈയിൽ അണുബാധ വ്യാപിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് കൈ മുറിച്ചുമാറ്റേണ്ടിവന്നു.
ഡിഎംഒ നിയോഗിച്ച സമിതിയുടെ അന്വേഷണ റിപ്പോർട്ടിൽ, ചികിത്സാ പ്രോട്ടോക്കോൾ ലംഘിച്ചതായി ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, ചികിത്സാ പിഴവ് സംഭവിച്ചിട്ടില്ലെന്നും ജില്ലാ ആശുപത്രിയിൽ ആവശ്യമായ പ്രാഥമിക ചികിത്സ നൽകിയിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കി. കൈ നഷ്ടപ്പെട്ടത് അപൂർവമായി സംഭവിക്കുന്ന ചികിത്സാ സങ്കീർണത മൂലമാണെന്നും വിലയിരുത്തി.
സംഭവത്തിൽ ഡോക്ടർമാരെ പിന്തുണച്ച് കെജിഎംഒഎ രംഗത്തെത്തി. കുട്ടിക്ക് പരമാവധി ചികിത്സ നൽകിയിരുന്നുവെന്നും, ഡോക്ടർമാർക്കെതിരായ നടപടി നീതിയില്ലാത്തതാണെന്നുമാണ് സംഘടനയുടെ നിലപാട്.






