അടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലേക്കുള്ള ദൂരം കേവലം മാസങ്ങളുടെത് മാത്രമാണ്. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അതിവേഗത്തിൽ തന്നെ നിയമസഭാ തെരഞ്ഞെടുപ്പായിരിക്കും സംജാതമാവുക. മുന്നണികളും പാർട്ടികളും ഇപ്പോഴേ പ്രവർത്തനങ്ങളുമായി സജീവമായി കഴിഞ്ഞിരിക്കുന്നു. പൊതുവേ എല്ലാ കാലത്തും യുഡിഎഫിന് ഒപ്പം നിൽക്കാനുള്ള ജില്ലയാണ് എറണാകുളം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭരണമാറ്റം പ്രതീക്ഷിച്ചിരുന്ന യുഡിഎഫിന് കനത്ത തിരിച്ചടിയായിരുന്നു ലഭിച്ചത്. അതിന് തൊട്ടുമുൻപ് ലഭിച്ചിരുന്ന മണ്ഡലങ്ങൾ പോലും കൈവിട്ടുപോയി. ഇടതിനാകട്ടെ തുടർഭരണം ലഭിക്കുകയും ചെയ്തു. അപ്പോഴും എറണാകുളം ജില്ല യുഡിഎഫിന് ആശ്വാസം നല്‍കിയ ജില്ലകളിലൊന്നാണ്. 14 സീറ്റുകളുള്ള എറണാകുളം ജില്ലയില്‍ മൊത്തം 9 സീറ്റുകള്‍ യുഡിഎഫ് സ്വന്തമാക്കിയപ്പോള്‍ കോണ്‍ഗ്രസ് നേടിയത് എട്ട് സീറ്റുകളാണ്. അഞ്ചു സീറ്റുകളിൽ മാത്രമാണ് ഇടത് സ്ഥാനാർത്ഥികൾക്ക് വിജയിക്കുവാൻ കഴിഞ്ഞത്.
മണ്ഡലങ്ങൾ വിശദമായി പരിശോധിച്ചാൽ എറണാകുളം മണ്ഡലം എല്ലാക്കാലത്തും കോൺഗ്രസിനൊപ്പം തന്നെ നിലകൊണ്ടിട്ടുള്ള മണ്ഡലമാണ്. തുടർച്ചയായി കെ വി തോമസ് എംഎൽഎയായി മത്സരിച്ചു വിജയിച്ചിരുന്ന മണ്ഡലത്തിൽ 2011ൽ പണ്ട് എംഎൽഎയായിരുന്ന ജോർജ് ഈഡന്റെ മകനും കെഎസ്‌യു സംസ്ഥാന പ്രസിഡന്റുമായിരുന്ന ഹൈബി ഈഡൻ കെ വി തോമസിന് പകരക്കാരനായി എത്തുകയായിരുന്നു. പിന്നീട് 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ ഹൈബി രാജിവച്ച് മത്സരിക്കുകയും തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ടി ജെ വിനോദ് വിജയിക്കുകയായിരുന്നു. 2021ലും ഭൂരിപക്ഷം കുറഞ്ഞെങ്കിലും വിനോദ് തന്നെ മണ്ഡലം നിലനിർത്തുകയായിരുന്നു. അടുത്ത തെരഞ്ഞെടുപ്പിലും എറണാകുളം കോൺഗ്രസിന് 100% ഉറപ്പിക്കുവാൻ കഴിയുന്ന നിയമസഭാ മണ്ഡലം തന്നെയാണ്. എറണാകുളം മണ്ഡലത്തോട് ചേർന്ന് കിടക്കുന്ന മണ്ഡലമാണ് കൊച്ചി. സിപിഎമ്മിന്റെ കെ ജെ മാക്സിയാണ് നിലവിൽ എംഎൽഎ. 2016ലാണ് കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്ന മണ്ഡലം മാക്സിയിലൂടെ സിപിഎം തിരികെ പിടിക്കുന്നത്. നിലവിൽ സിപിഎം ആണെങ്കിലും അടുത്ത തവണ കൊച്ചിയിൽ കോൺഗ്രസ് അനായാസം വിജയിക്കുന്നതിനുള്ള സാധ്യതകൾ ആണുള്ളത്. കളമശ്ശേരിയും കൊച്ചിയും പരസ്പരം ലീഗും കോൺഗ്രസും വെച്ചു മാറുവാനുള്ള സാധ്യതകളും പറയപ്പെടുന്നുണ്ട്.
അങ്ങനെയാണെങ്കിലും ലീഗ് സ്ഥാനാർഥി മത്സരിച്ചാലും കൊച്ചിയിൽ വിജയം ഉറപ്പാണ്. ജനങ്ങൾക്കിടയിലുള്ള സ്വാധീനം മാക്സിക്ക് പഴയപോലെ ഇന്നില്ല. സർക്കാരിനെതിരായ ജനവികാരം കൂടിയാകുമ്പോൾ തിരിച്ചടി ഉറപ്പാണ്. കളമശ്ശേരി നിയോജക മണ്ഡലത്തിലേക്ക് വന്നാൽ നിലവിൽ സിപിഎം നേതാവ് പി രാജീവാണ് എംഎൽഎ. ലീഗിന്റെ കൈവശമുണ്ടായിരുന്ന കളമശ്ശേരി തിരിച്ചുപിടിക്കുന്നത് 2021ലാണ്. ലീഗിൽ നിന്നും മണ്ഡലം കോൺഗ്രസ് ഏറ്റെടുത്താൽ നിലവിലെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസോ, കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബോ ആയിരിക്കും സ്ഥാനാർഥി. ആലുവ മണ്ഡലത്തിലേക്ക് വന്നാൽ നിലവിലെ എംഎൽഎ അൻവർ സാദത്തിനോട് ആളുകൾക്ക് വലിയ താല്പര്യം ഒന്നുമില്ല. എന്നിരുന്നാലും ആലുവ കോൺഗ്രസിന്റെ ഉറച്ച മണ്ഡലമാണ്. അതുകൊണ്ടുതന്നെ അവിടെ മറ്റ് അത്ഭുതങ്ങൾക്കൊന്നും സാധ്യതയില്ല. കഴിഞ്ഞ രണ്ടുതവണയായി ഇവർ സാദത്ത് തന്നെയാണ് ആലുവയിലെ എംഎൽഎ. അടുത്ത തവണയും മറ്റൊരു പേര് അവിടെ ഉയർന്നു വരാൻ സാധ്യതയില്ല. പെരുമ്പാവൂർ മണ്ഡലം പരിഗണിച്ചാൽ നിലവിൽ കോൺഗ്രസിന്റെ എൽദോസ് കുന്നപ്പള്ളി ആണ് എംഎൽഎ. ഒട്ടേറെ വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ എൽദോസിന് വീണ്ടും വോട്ട് കിട്ടുന്നതിനുള്ള സാധ്യത കുറവാണ്. എൽദോസ് തന്നെ വാശിപിടിച്ച് മണ്ഡലത്തിൽ നിന്നും വീണ്ടും മത്സരിച്ചാൽ പരാജയം ഉറപ്പാണ്.




