പാലക്കാട്: ഭർത്താവും രണ്ട് കുട്ടികളുമുള്ള യുവതി യുവാവിനൊപ്പം ഒളിച്ചോടിയ സംഭവത്തിൽ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കന്യാകുമാരിയിൽ നിന്നാണ് വടക്കഞ്ചേരി പൊലീസ് ഇവരെ പിടികൂടിയത്. കഴിഞ്ഞ 24-ാം തീയതി ക്ഷേത്രത്തിലേക്കു പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവതിയെ പിന്നീട് കാണാതായി. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ യുവാവിന്റെ പ്രേരണയിലാണ് യുവതി വീട്ടിൽ നിന്നുപോയതെന്ന് വ്യക്തമായി.
ഇവർ ആദ്യം ഇടുക്കിയിലും പിന്നീട് കന്യാകുമാരിയിലും താമസിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് ഇവരുടെ സ്ഥാനം കണ്ടെത്തിയത്.
ഇതിനിടെ വീട്ടിൽ നിന്ന് ഏഴര പവൻ സ്വർണവും പണവും നഷ്ടമായതായി കുടുംബം പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട് മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കോരഞ്ചിറ സ്വദേശി ജിന്റോ കുര്യാക്കോസ് (29) ആണ് അറസ്റ്റിലായത്. യുവതിക്ക് വിവാഹസമ്മാനമായി ലഭിച്ച ഏകദേശം 30 പവൻ സ്വർണം പലപ്പോഴായി ഇയാൾ കൈവശപ്പെടുത്തി എന്നുമാണ് പരാതി. കൂടാതെ ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ രണ്ടര ലക്ഷം രൂപയും ഏഴര പവൻ സ്വർണവും കൊണ്ടാണ് ഇരുവരും പോയതെന്നും പറയുന്നു. ആലത്തൂർ ഡിവൈഎസ്പി കെ.ജെ. ജോൺസന്റെ മേൽനോട്ടത്തിൽ വടക്കഞ്ചേരി സി.ഐ എം.പി. എബി, എസ്.ഐ പി.സി. സനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.




