ന്യൂഡൽഹി: ഐക്യരാഷ്ട്രസഭാ രക്ഷാസമിതി അടിയന്തരമായി പരിഷ്കരിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്തുണയുമായി ഐക്യരാഷ്ട്രസഭ. രക്ഷാസമിതി പരിഷ്കരണം ഇനിയും വൈകിക്കാനാകില്ലെന്ന മോദിയുടെ നിലപാടിനോട് യുഎൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് പൂർണമായി യോജിച്ചു.
അഞ്ച് സ്ഥിരാംഗങ്ങൾ മാത്രമുള്ള നിലവിലെ രക്ഷാസമിതി ഘടന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യാഥാർഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് ഡുജാറിക് വ്യക്തമാക്കി. 1945ലെ ഘടന തുടരുന്നതിന് പകരം 2026ലെ ലോകക്രമത്തിന് അനുസൃതമായ മാറ്റങ്ങൾ യുഎന്നിലും അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളിലും വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിലാണ് മോദി യുഎൻ രക്ഷാസമിതി പരിഷ്കരണത്തിന്റെ ആവശ്യകത ശക്തമായി ഉന്നയിച്ചത്. നിലവിലെ ആഗോള ഭരണസംവിധാനം അധികാരം കേന്ദ്രീകരിച്ച പിരമിഡ് പോലെയാണെന്നും തീരുമാനങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്ന വികസ്വര രാജ്യങ്ങൾ ഭരണസംവിധാനത്തിൽ പിൻനിരയിലാണെന്നും മോദി ചൂണ്ടിക്കാട്ടി. ഈ പിരമിഡ് ഘടനയ്ക്ക് പകരം എല്ലാവർക്കും തുല്യ ശബ്ദവും പങ്കാളിത്തവുമുള്ള സംവിധാനം കൊണ്ടുവരണമെന്നും അദ്ദേഹം നിർദേശിച്ചു.
ആഗോള ഭരണപരിഷ്കരണത്തിനായി അടുത്ത ഉച്ചകോടിക്കുള്ളിൽ 10 നിർദേശങ്ങളടങ്ങിയ ബ്രിക്സ് റോഡ്മാപ്പ് തയ്യാറാക്കണമെന്നും മോദി ആവശ്യപ്പെട്ടു. പ്രാതിനിധ്യം, പ്രതികരണശേഷി, നിയമനിർമാണം എന്നിവയ്ക്ക് റോഡ്മാപ്പിൽ പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചകോടിക്കിടെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി. യുക്രൈൻ, പശ്ചിമേഷ്യൻ സംഘർഷങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. അന്താരാഷ്ട്ര സംഘർഷങ്ങളിൽ സമാധാന ചർച്ചകൾക്ക് വഴിയൊരുക്കുന്നതിൽ ഇന്ത്യയ്ക്ക് നിർണായക പങ്കുവഹിക്കാനാകുമെന്നും യുഎൻ വക്താവ് വ്യക്തമാക്കി.


