ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രയും പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട സംവിധാനങ്ങളും കൂടുതൽ സുഗമമാക്കുന്ന ഒരു വലിയ മാറ്റത്തിന് തൂടക്കം കുറിക്കുകയാണ് സൗദി ടൂറിസം. മുഴുവൻ ഗൾഫ് രാജ്യങ്ങളിലേക്കും ഒരൊറ്റ വിസ എന്ന ‘ഏകീകൃത ഗൾഫ് വിസ’ അടുത്ത വർഷം മുതൽ നൽകാനാകുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖത്തീബ് വ്യക്തമാക്കി.
യൂറോപ്യൻ ഷെങ്കൻ വിസ പരീക്ഷണത്തിന് പത്ത് വർഷത്തിലധികം സമയം എടുത്ത സ്ഥാനത്ത് ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത വിസ പ്രവർത്തനത്തിന് തുടക്കം കുറിച്ച്, വെറും നാല് വർഷം കൊണ്ടു തന്നെ വലിയ പുരോഗതിയിലേക്കെത്തിയതാണ് പ്രധാന ഹൈലൈറ്റ്. ബഹ്‌റൈനിൽ നടന്ന ഗൾഫ് ഗേറ്റ്‌വേ ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിൽ സംസാരിച്ചപ്പോഴാണ് ടൂറിസം മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഒരൊറ്റ വിസയിലൂടെ മുഴുവൻ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലേക്കും യാത്ര ചെയ്യാനുള്ള ഈ നീക്കം, പ്രവാസികൾക്കും ബിസിനസ്സ് മേഖലക്കും, ടൂറിസം രംഗത്തിനും വലിയ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. യാത്രാ നടപടിക്രമങ്ങൾ ലളിതമാക്കുകയും സമയ ചെലവ് നഷ്ടങ്ങൾ കുറയ്ക്കുകയും ചെയ്യുന്ന ഈ പദ്ധതി അടുത്ത വർഷം മുതൽ തന്നെ നടപ്പിലാകുമെന്നാണ് സൂചന.
ജിസിസി രാജ്യങ്ങൾ ഇപ്പോൾ ടൂറിസം മേഖലയിൽ വളരെ വലിയൊരു മാറ്റത്തിലൂടെയാണ് കടന്നുപോകുന്നത്. പുതിയ ഗൾഫ് സംസ്കാരത്തിന്റെ പ്രത്യേകത, ആധുനികവും വികസിതവുമായ അടിസ്ഥാന സൗകര്യങ്ങളാണ്. ഇതൊക്കെയാണ് അറേബ്യൻ രാജ്യങ്ങളെ എണ്ണ വ്യാപാരം പോലെ തന്നെ ടൂറിസത്തെയും കാണാൻ പ്രേരിപ്പിക്കുന്നത്.
കഴിഞ്ഞ വർഷം നാല് പ്രധാന ഗൾഫ് വിമാനക്കമ്പനികൾ ഏകദേശം 15 കോടി യാത്രക്കാരെ കൊണ്ടുപോയിരുന്നു. അതിൽ ഏഴ് കോടി പേർ മാത്രമാണ് ഗൾഫ് രാജ്യങ്ങൾ സന്ദർശിച്ചത്. അതുകൊണ്ടുതന്നെ അംഗരാജ്യങ്ങൾ തമ്മിലുള്ള വിമാന സർവീസുകളും യാത്രാ ബന്ധങ്ങളും കൂടുതൽ ശക്തമാക്കാനും, യാത്രക്കാർക്ക് കൂടുതൽ സ്ഥലങ്ങൾ ഒരുമിച്ചു കാണാനുളള അവസരങ്ങൾ ഒരുക്കാനാണ് നീക്കം . ഇപ്പോൾ സൗദി മുന്നോട്ട് കൊണ്ടുപോകുന്ന ‘വിഷൻ 2030’ പോലെ ഉള്ള പദ്ധതികൾ ടൂറിസം, കല-സംസ്കാരം, വിനോദം തുടങ്ങിയ മേഖലകളിൽ പുതിയ അവസരങ്ങൾ വലിയ തോതിൽ തുറന്ന് കൊടുക്കുകയും ചെയ്യുന്നുണ്ട്.
സൗദി ഇതിനകം തന്നെ ഒരു വർഷത്തിൽ 10 കോടി സന്ദർശകരെന്ന മുൻ ലക്ഷ്യം കൈവരിച്ചുകഴിഞ്ഞു. 2030 ആകുമ്പോഴേക്കും 10 കോടി ആഭ്യന്തര യാത്രക്കാരും 5 കോടി അന്താരാഷ്ട്ര യാത്രക്കാരുമായി ആകെ 15 കോടി സന്ദർശകർ എന്നതാണ് പുതിയ ലക്ഷ്യം. 2019ൽ രാജ്യത്തിന്റെ ജിഡിപിയിൽ ടൂറിസത്തിന്റെ പങ്ക് 3% ആയിരുന്നു, എന്നാൽ അത് 2024 ൽ 5% ആയി ഉയർന്നിട്ടുണ്ട്.
വിഷൻ 2030 ആരംഭിച്ചതിനുശേഷം ടൂറിസം മേഖലയിലെ നിക്ഷേപം 300 ബില്യൺ ഡോളർ കവിഞ്ഞിട്ടുണ്ട്. അതിൽ പകുതിയും സ്വകാര്യ മേഖലയാണ് നിർണായക പങ്ക് വഹിക്കുന്നത്. ജിദ്ദ സെൻട്രൽ പ്രോജക്റ്റ് പോലുള്ള പ്രധാന പദ്ധതികൾ വികസിപ്പിക്കുന്നതിൽ പൊതു നിക്ഷേപ ഫണ്ടിന്റെ തുല്യ പങ്കാളിയായി സ്വകാര്യ മേഖലയും മാറിയിരിക്കുന്നു.
റെഡ് സീ പ്രോജക്ടിന്റെ ഭാഗമായി 2030 ഓടെ 50 റിസോർട്ടുകൾ തുറന്നു പ്രവർത്തനക്ഷമമാക്കാനാണ് ലക്ഷ്യം. അതിൽ 12 റിസോർട്ടുകൾ ഇതിനോടകം തന്നെ സേവനമാരംഭിച്ചിട്ടുണ്ട്. കൂടാതെ, ഈ ഡിസംബറിൽ സിക്സ് ഫ്ലാഗ്സ് തീം പാർക്കും സന്ദർശകർക്ക് ലഭ്യമായേക്കും. അടുത്ത അഞ്ച് വർഷങ്ങളിൽ ടൂറിസം പദ്ധതികൾ വേഗത്തിലാകും എന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ .
ഗൾഫ് രാജ്യങ്ങളിലെ നിവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും വെറും രണ്ട് മിനിറ്റിനുള്ളിൽ ഓൺലൈനായി വിസ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്നവിധം സൗദിയുടെ ടൂറിസ്റ്റ് വിസ സംവിധാനം കൂടുതൽ സൗകര്യപ്രദമാക്കിയിട്ടുണ്ട്. ഉംറയ്ക്ക് വരുന്ന ആളുകൾക്ക്, അത് കഴിഞ്ഞ് മറ്റ് ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ കൂടിയാണ് ഈ ചുവടുവെപ്പ് .




