ലണ്ടൻ: ലണ്ടനിൽ നടന്ന യൂണിറ്റി കപ്പ് സെമി ഫൈനലിൽ ഇന്ത്യ ജമൈക്കയോട് എതിരില്ലാത്ത രണ്ട ഗോളുകൾക്ക് പരാജയപ്പെട്ടു. ചാൾട്ടൺ അത്‌ലറ്റിക് ക്ലബ്ബിന്റെ ഹോം ഗ്രൗണ്ടായ ദ വാലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ജമൈക്കക്ക് തന്നെയായിരുന്നു ആധിപത്യം. എട്ടാം മിനിറ്റിൽ കോർട്ട്‌നി ക്ലാർക്ക് നേടിയ ഗോൾ ജമൈക്കക്ക് ലീഡ് നൽകി. രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ഇന്ത്യ ചില ശ്രമങ്ങൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല.
78-ാം മിനിറ്റിൽ കഹീം ഡിക്സൺ നേടിയ ഗോളോടെ കളി ജമൈക്ക ഉറപ്പിച്ചു. ഇന്ത്യക്ക് വേണ്ടി നൗഫൽ പിഎൻ, റിക്കി ഷാബോങ് എന്നിവർ അരങ്ങേറ്റം കുറിച്ചു. പക്ഷേ ഫിനിഷിങ്ങിൽ വളരെ മോശമായിരുന്നു ഇന്ത്യയുടെ പ്രകടനം. നൈജീരിയയും ജമൈക്കയും തമ്മിലായിരിക്കും ടൂർണമെന്റിലെ ഫൈനൽ. സിംബാബ്‌വെക്കെതിരായ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിലാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷ.






