തിരുവനന്തപുരം: മുൻ ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ ഡ്രൈവിങ് ലൈസൻസിൽ പേരിനൊപ്പം ചേർത്തിരിക്കുന്ന ‘എം.എൽ.എ.’ എന്ന വിശേഷണം നീക്കാൻ ഗതാഗതവകുപ്പ് തീരുമാനിച്ചു. ലൈസൻസിൽ ഇത്തരത്തിൽ പദവി ഉൾപ്പെടുത്തിയത് നിയമപരമായി അനുവദനീയമല്ലെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
18 വയസ് പൂർത്തിയാകാൻ നാല് മാസം ബാക്കിയിരിക്കെ ഗണേഷ്‌കുമാർ ഡ്രൈവിങ് ലൈസൻസ് നേടിയതെങ്ങനെയെന്ന കാര്യവും മോട്ടോർ വാഹനവകുപ്പ് പരിശോധിക്കുന്നുണ്ട്.
ദക്ഷിണമേഖല ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർക്കാണ് അന്വേഷണച്ചുമതല. ലൈസൻസ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്തുന്നതിനായി ബന്ധപ്പെട്ട രേഖകൾ പരിശോധിക്കും. ലൈസൻസ് അനുവദിക്കുന്നതിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാമെന്നാണ് നിലവിലെ ചട്ടം.
ലൈസൻസിൽ ‘എം.എൽ.എ.’ എന്ന വിശേഷണം ചേർത്തത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണെന്നും, അതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും കെ.ബി. ഗണേഷ്‌കുമാർ പ്രതികരിച്ചിട്ടുണ്ട്.











