കൊച്ചി: എറണാകുളം ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ ആറരയോടെയാണ് മൃതദേഹം നാട്ടുകാർ കണ്ടത്. ഏകദേശം രണ്ട് മുതൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹമാണെന്ന് പൊലീസ് അറിയിച്ചു.
വാട്ടർവേ അവന്യൂവിലെ സെയിന്റ് അണീസ് കപ്പേളയ്ക്ക് സമീപം കനാലിലൂടെ മൃതദേഹം ഒഴുകുന്നത് വഞ്ചിക്കാരാണ് ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് മരട് പൊലീസ് സ്ഥലത്തെത്തി. നാട്ടുകാരുടെ സഹായത്തോടെ ചമ്പക്കര പാലത്തിന് സമീപത്തെ ബോട്ട് ജെട്ടിയിൽ മൃതദേഹം കരയ്ക്കടിപ്പിച്ചു.
30 മുതൽ 40 വയസ്സ് വരെ പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് ആളെ കാണാതായതായി റിപ്പോർട്ടുകളില്ലാത്തതിനാൽ മൃതദേഹം മറ്റെവിടെയെങ്കിലും നിന്ന് ഒഴുകിയെത്തിയതാകാമെന്നാണ് സംശയം.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. സമീപ സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.






