ബിജെപി അനായാസം വിജയിക്കുവാൻ കഴിയുമെന്ന് കരുതുന്ന കേരളത്തിലെ മണ്ഡലങ്ങളിൽ ഒന്നാണ് ഒറ്റപ്പാലം. കാലാകാലങ്ങളായി ഇടതു എംഎൽഎമാരാണ് വിജയിച്ചു വരുന്നതെങ്കിലും നന്നായി പരിശ്രമിച്ചാൽ ഒറ്റപ്പാലത്ത് വിജയക്കൊടി പാറിപ്പിക്കുവാൻ കഴിയുമെന്ന് ബിജെപി കരുതുന്നുണ്ട്. 2011ൽ പതിനായിരത്തിൽ താഴെ വോട്ട് ലഭിച്ചയിടത്ത് 2016ലും 2021ലും വോട്ട് നേരെ ഇരട്ടിയാക്കുവാൻ ബിജെപിക്ക് കഴിഞ്ഞിരുന്നു. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലും തുടർച്ചയായി പി വേണുഗോപാലായിരുന്നു ബിജെപിക്ക് വേണ്ടി മത്സരിച്ചിരുന്നത്. മികച്ച ഒരു യുവ സ്ഥാനാർത്ഥിയെ നിർത്തിയാൽ മണ്ഡലത്തിൽ വിജയിക്കാം എന്നതാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. കോൺഗ്രസിലേക്ക് പോയില്ലായിരുന്നുവെങ്കിൽ സന്ദീപ് വാര്യർക്ക് നറുക്ക് വീഴേണ്ട മണ്ഡലം ആയിരുന്നു ഒറ്റപ്പാലം. മാത്രവുമല്ല ഒറ്റപ്പാലത്ത് ബിജെപി വിജയിക്കേണ്ടതിന് പിന്നിൽ മറ്റൊരു കാര്യം കൂടി ഉണ്ട്. ഒറ്റപ്പാലത്തേക്ക് കോൺഗ്രസ് അവരുടെ സ്ഥാനാർത്ഥിയായി സന്ദീപ് വാര്യരെ പരിഗണിക്കുന്നുണ്ട്.
സന്ദീപ് ഒറ്റപ്പാലത്തുനിന്നെങ്ങാനും വിജയിച്ചാൽ ബിജെപിക്ക് അതിലും വലുതൊന്നും വരാനില്ല. അതുകൊണ്ടുതന്നെ എങ്ങനെയും ഒറ്റപ്പാലം പിടിച്ചെടുക്കാൻ കഴിയുന്ന ഒരു സ്ഥാനാർത്ഥിയെയാണ് പാർട്ടി തേടുന്നത്. നിലവിൽ ബിജെപി നേതൃത്വത്തിന്റെ മനസ്സിലുള്ളത് നടൻ ഉണ്ണി മുകുന്ദനാണ്. താന്‍ ദേശീയ മൂല്യങ്ങളുള്ള ബിജെപി അനുകൂലിയെന്ന് ഒരിക്കൽ ഒരു അഭിമുഖത്തിൽ ഉണ്ണിമുകുന്ദൻ വ്യക്തമാക്കിയിരുന്നു. രാജ്യത്തിനെതിരെ ഒരു രീതിയിലും സംസാരിക്കില്ലെന്നും ദേശീയതയാണ് തന്‍റെ രാഷ്ട്രീയമെന്നും ഉണ്ണി മുകുന്ദന്‍ അന്നേ വ്യക്തമാക്കിയിരുന്നു. സേവാഭാരതി എന്ന പ്രസ്ഥാനത്തെ തള്ളിപറയാന്‍ കഴിയില്ലെന്നും ഉണ്ണി മുകുന്ദന്‍ അന്ന് പറഞ്ഞിരുന്നു. സാമൂഹിക സേവന രംഗത്ത് സജീവമായ സേവാഭാരതി തന്നെ സംബന്ധിച്ച് സിനിമ ചിത്രീകരിക്കുന്ന സമയത്ത് സൗജന്യമായി ആംബുലന്‍സ് വാഗ്ദാനം ചെയ്തവരാണ്. ഒരു ആംബുലന്‍സ് എടുത്തിട്ട് അതില്‍ സേവാഭാരതി സ്റ്റിക്കര്‍ ഒട്ടിക്കുകയായിരുന്നില്ലെന്നും അങ്ങനെ ചെയ്യുകയാണെങ്കില്‍ അത് അജണ്ടയാണെന്നും ഉണ്ണി മുകുന്ദന്‍ അന്നു ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ചിരുന്നു.




