വാഷിങ്ടൺ: ഇറാനെതിരായ ഉപരോധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിൽ 20ലധികം യുദ്ധക്കപ്പലുകൾ അമേരിക്ക വിന്യസിച്ചു. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ കണക്കിലെടുത്താണ് നടപടിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
യുഎസ് നേവിയുടെ ഡിസ്ട്രോയർ കപ്പലായ യുഎസ്എസ് റോസ് ഉൾപ്പെടെയുള്ള കപ്പലുകളാണ് മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒൻപത് വരെയുള്ള കണക്കുകൾ പ്രകാരം ഉപരോധം ലംഘിക്കാൻ ശ്രമിച്ച 55 വാണിജ്യ കപ്പലുകളെ വഴിതിരിച്ചുവിട്ടതായും രണ്ട് കപ്പലുകളിൽ പരിശോധന നടത്തിയതായും യുഎസ് സൈനിക കമാൻഡ് അറിയിച്ചു.
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ പുതിയ ഷിപ്പിങ് പാതകൾ ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിലുള്ള കരാർ അവസാന ഘട്ടത്തിലാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ജലപാത തുറക്കുന്നതിന് അമേരിക്ക തങ്ങളുടെ നിബന്ധനകൾ പാലിക്കണമെന്നാണ് ഇറാന്റെ നിലപാട്. എന്നാൽ ഇറാൻ തങ്ങളുടെ വാഗ്ദാനങ്ങൾ കൃത്യമായി പാലിച്ചാൽ മാത്രമേ ഉപരോധം പിൻവലിക്കുന്ന കാര്യം പരിഗണിക്കൂവെന്ന് യുഎസ് ഉദ്യോഗസ്ഥരും വ്യക്തമാക്കി.




