ന്യൂഡൽഹി: ഇറാനും റഷ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള ഉപരോധ ഇളവുകൾ ഇനി പുതുക്കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് ആണ് ഇക്കാര്യം അറിയിച്ചത്. ഇറാനിയൻ എണ്ണയ്ക്ക് അനുവദിച്ചിരുന്ന 30 ദിവസത്തെ ഇളവ് ഈ മാസം 19ന് അവസാനിക്കും. റഷ്യൻ എണ്ണയ്‌ക്കുള്ള ഇളവ് ഇതിനകം അവസാനിച്ചിരിക്കുകയാണ്. അതേസമയം, ഇന്ത്യ യുഎസിൽ നിന്ന് എണ്ണ ഇറക്കുമതി വർധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, അമേരിക്ക-ഇറാൻ ചർച്ചകളുടെ അടുത്തഘട്ടം ഇസ്ലാമാബാദിൽ നടക്കുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ, ചില നയതന്ത്ര നീക്കങ്ങൾ മഞ്ഞുരുക്കത്തിന് വഴിയൊരുക്കുന്നുവെന്ന സൂചനകളും പുറത്തുവരുന്നു. യുഎഇ വൈസ് പ്രസിഡന്റുമായി ഇറാൻ പാർലമെന്റ് സ്പീക്കർ നടത്തിയ സംഭാഷണവും ഇതിന് ഉദാഹരണമാണ്.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പ്രതിഫലനം ഇന്ത്യയിലും പ്രകടമാണ്. പാചകവാതക ക്ഷാമം ഹോട്ടൽ മേഖലയെ ബാധിച്ചതോടെ ഓൺലൈൻ ഭക്ഷണ വിതരണ മേഖലയും പ്രതിസന്ധിയിലായി. ഹോട്ടലുകൾ വിഭവങ്ങൾ കുറയ്ക്കുകയും ഓർഡറുകൾ ചുരുക്കുകയും ചെയ്തതോടെ വിതരണക്കാരുടെ വരുമാനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.




