കണ്ണൂർ: പോലീസിനെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.എം നഗരസഭാ കൗണ്‍സിലർ വി.കെ.നിഷാദ് പരോള്‍ ചട്ടം ലംഘിച്ചതായി ആരോപണം. സി.പി.എമ്മില്‍ നിന്നും പുറത്താക്കിയ മുൻ പയ്യന്നൂർ ഏരിയാ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെതിരായ സി.പി.എം പ്രതിഷേധത്തിലാണ് നിഷാദ് പങ്കെടുത്തത്. പിതാവിന്റെ മുട്ടുവേദനയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയക്കും ചികിത്സാർത്ഥവുമാണ് നിഷാദിന് പരോള്‍ അനുവദിച്ചത്.
ശിക്ഷിക്കപ്പെട്ട് ഒരു മാസം കഴിഞ്ഞപ്പോള്‍ ജയില്‍ വകുപ്പ് പരോള്‍ അനുവദിക്കുകയായിരുന്നു.എന്നാല്‍ പരോളില്‍ ഇറങ്ങുന്ന പ്രതികള്‍ ഒരു രാഷ്ട്രീയ പരിപാടിയിലും പങ്കെടുക്കാൻ പാടില്ലെന്നതാണ് പരോള്‍ ചട്ടം. എന്നാല്‍ നിഷാദ് ഇത് ലംഘിച്ചു കൊണ്ട് പയ്യന്നൂരില്‍ വി. കുഞ്ഞികൃഷ്ണനെതിരെ തിങ്കളാഴ്ച നടന്ന സി.പി.എം പ്രതിഷേധത്തില്‍ പങ്കെടുക്കുകയായിരുന്നു. ഈ പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് നിഷാദ് കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് മടങ്ങിയത്.






