ശ്രീനഗർ: ജമ്മുവിനും ശ്രീനഗറിനും ഇടയിൽ ആദ്യമായി വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചു. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗും ചടങ്ങിൽ പങ്കെടുത്തു.
മുൻപ് ശ്രീനഗറും കത്രയും തമ്മിലുണ്ടായിരുന്ന സർവീസാണ് ഇപ്പോൾ ജമ്മുവിലേക്ക് നീട്ടിയത്. ട്രെയിനിലെ കോച്ചുകളുടെ എണ്ണം എട്ടിൽ നിന്ന് 20 ആയി വർധിപ്പിച്ചിട്ടുണ്ട്. പുതിയ സർവീസ് ആരംഭിച്ചതോടെ ജമ്മു-ശ്രീനഗർ യാത്രാസമയം 4 മണിക്കൂർ 50 മിനിറ്റായി കുറയും.
ഏകദേശം 266 കിലോമീറ്റർ ദൂരമുള്ള പാതയിൽ രണ്ട് ട്രെയിനുകൾ സർവീസ് നടത്തും. ജമ്മു താവിയിൽ നിന്ന് രാവിലെ 6.20ന് പുറപ്പെടുന്ന ട്രെയിൻ 11.10ന് ശ്രീനഗറിൽ എത്തും. ശ്രീനഗറിൽ നിന്ന് ഉച്ചയ്ക്ക് 2 മണിക്ക് തിരിച്ച് വൈകുന്നേരം 6.50ന് ജമ്മുവിൽ എത്തിച്ചേരും. ചൊവ്വാഴ്ച ഒഴികെ ആഴ്ചയിൽ ആറുദിവസം സർവീസ് ഉണ്ടായിരിക്കും. മറ്റൊരു ട്രെയിൻ ശ്രീനഗറിൽ നിന്ന് രാവിലെ 8 മണിക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 12.40ന് ജമ്മുവിൽ എത്തും. ഉച്ചയ്ക്ക് 1.20ന് ജമ്മുവിൽ നിന്ന് തിരിച്ച് വൈകുന്നേരം 6 മണിക്ക് ശ്രീനഗറിൽ എത്തും.
മെയ് 2 മുതൽ പുതിയ സർവീസുകൾ ആരംഭിക്കും. ജമ്മു കശ്മീരിലെ റെയിൽവേ വികസനത്തിന്റെ ഭാഗമായാണ് ഈ ട്രെയിൻ ആരംഭിച്ചത്. കത്രയും ശ്രീനഗറും തമ്മിലുള്ള വന്ദേ ഭാരത് ട്രെയിൻ കഴിഞ്ഞ വർഷം ആരംഭിച്ചതിന് ശേഷം ഇതിനകം അഞ്ചര ലക്ഷത്തിലധികം യാത്രക്കാരാണ് സേവനം ഉപയോഗിച്ചത്.
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി ജമ്മു താവി, കത്ര, ഉദ്ധംപുർ, ബുദ്ഗാം സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.




