കൊച്ചി: ആരോഗ്യവകുപ്പ് കല്ലേറ് കൊള്ളാൻ വിധിക്കപ്പെട്ട വകുപ്പാണെന്ന മന്ത്രി കെ. മുരളീധരന്റെ പരാമർശത്തിന് പരോക്ഷ മറുപടിയുമായി മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. മന്ത്രിയായിരിക്കെ തനിക്ക് നേരിടേണ്ടിവന്ന വ്യക്തിയധിക്ഷേപങ്ങളും കായികാക്രമണങ്ങളും സൈബർ ആക്രമണങ്ങളും ഉൾപ്പെടെയുള്ള അനുഭവങ്ങൾ പങ്കുവെച്ചാണ് വീണാ ജോർജിന്റെ പ്രതികരണം.
വാക്കുകൾക്ക് വിവരിക്കാൻ കഴിയുന്നതിനപ്പുറമാണ് താൻ അനുഭവിച്ച വേട്ടയാടലിന്റെ ക്രൂരതയെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ വീണാ ജോർജ് കുറിച്ചു. വ്യക്തിയധിക്ഷേപം, കായികാക്രമണം, സൈബർവേട്ട, കള്ളപ്രചാരണങ്ങൾ, വീട്ടിൽ കയറി റീത്ത് വെക്കൽ, ശവപ്പെട്ടി കൊണ്ടുവെക്കൽ തുടങ്ങി കൃത്യമായ അജണ്ടയോടെയുള്ള ആക്രമണങ്ങളാണ് നേരിടേണ്ടിവന്നതെന്നും അവർ വ്യക്തമാക്കി.
എന്നാൽ, ഇത്തരം ആക്രമണങ്ങൾക്കിടയിലും തളരാൻ കഴിയുമായിരുന്നില്ലെന്ന് വീണാ ജോർജ് പറഞ്ഞു. രോഗങ്ങൾക്കും ചികിത്സാരംഗത്തെ ഭീമമായ ചെലവുകൾക്കും മുന്നിൽ നിസ്സഹായരാകുന്ന ലക്ഷക്കണക്കിന് ആളുകൾക്കായി സർക്കാർ നയങ്ങൾക്കനുസരിച്ച് കഴിയുന്നതിനപ്പുറം കഠിനാധ്വാനം ചെയ്തെന്നും അവർ കൂട്ടിച്ചേർത്തു. തന്റെ അനുഭവങ്ങൾ ഒറ്റവാക്കിൽ വിവരിച്ചുതീർക്കാനാകില്ലെന്നും പോസ്റ്റിൽ പറയുന്നു.
ആരോഗ്യവകുപ്പ് കല്ലേറ് കൊള്ളാൻ വിധിക്കപ്പെട്ട വകുപ്പാണെന്നും ചുമതലയേറ്റപ്പോഴാണ് അതിന്റെ പ്രയാസം മനസ്സിലായതെന്നും മന്ത്രി കെ. മുരളീധരൻ നേരത്തെ പ്രതികരിച്ചിരുന്നു. കഴിഞ്ഞ പത്ത് വർഷം താനും ആരോഗ്യവകുപ്പിനെ വിമർശിച്ചിരുന്നുവെന്നും ഇപ്പോൾ തിരിച്ചുകിട്ടുമ്പോഴാണ് അതിന്റെ പ്രയാസം മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മുരളീധരന്റെ ഈ പരാമർശത്തിന് പിന്നാലെയാണ് മന്ത്രിയായിരിക്കെ താൻ നേരിട്ട അനുഭവങ്ങൾ ചൂണ്ടിക്കാട്ടി വീണാ ജോർജ് ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്.




