കണ്ണൂര്‍: കെഎസ്യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ അക്രമസംഭവങ്ങളില്‍ പുതിയ വഴിത്തിരിവ്. അന്ന് നടന്ന ഉന്തിലും തള്ളിലും പെട്ടാണ് കഴുത്തിന് പരുക്കേറ്റതെന്നാണ് മന്ത്രി വീണാ ജോര്‍ജിന്റെ മൊഴി. ആയുധം ഉപയോഗിച്ച് മന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ് കെട്ടിച്ചമച്ചതാണെന്ന കോണ്‍ഗ്രസ് ആരോപണം നിലനില്‍ക്കെയാണ് മന്ത്രിയുടെ മൊഴി. ആയുധം ഉപയോഗിച്ചതായി അറിയില്ലെന്ന് നേരത്തെ പൊലീസ് ഉദ്യോഗസ്ഥരും മൊഴി നല്‍കിയിരുന്നു.
രണ്ട് മാസം മുമ്പ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കെഎസ്യു പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് മന്ത്രിയുടെ കഴുത്തിന് പരുക്കേറ്റത്. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും പരിയാരം മഡിക്കല്‍ കോളജിലും ചികിത്സ തേടിയിരുന്നു. മന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന തരത്തില്‍ വരെ സിപിഎം നേതാക്കള്‍ പറഞ്ഞതോടെ വലിയ അക്രമസംഭവങ്ങള്‍ രൂപപ്പെട്ടു. കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫിസുകള്‍ വ്യാപകമായി ആക്രമിക്കപ്പെടുകയും പ്രതികളില്‍ ഒരാളുടെ വീടിനു നേരെ ബോംബെറിയുകയുമുണ്ടായി.








