ന്യൂഡൽഹി: രാജ്യത്തെ ആദ്യ സ്വകാര്യ നിർമിത ഓർബിറ്റൽ ക്ലാസ് റോക്കറ്റായ വിക്രം-1 ഇന്ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് രാവിലെ 11.30-നാണ് വിക്ഷേപണം. സ്വകാര്യ ബഹിരാകാശ സ്ഥാപനമായ സ്കൈറൂട്ട് എയറോസ്പേസ് വികസിപ്പിച്ച വിക്രം-1, ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാൻ ശേഷിയുള്ള ഇന്ത്യയിലെ ആദ്യ സ്വകാര്യ റോക്കറ്റാണ്.
ഏകദേശം 12 മീറ്റർ നീളവും 24 ടൺ ഭാരവുമുള്ള വിക്രം-1ന് ഭൂമിയോടടുത്ത ഭ്രമണപഥത്തിൽ 450 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ എത്തിക്കാൻ കഴിയും. എന്നാൽ ആദ്യ ദൗത്യമായ ‘ഓപ്പറേഷൻ ആഗമൻ’ ഉപഗ്രഹ വിക്ഷേപണത്തിനല്ല. ബഹിരാകാശ മാലിന്യങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന റോബോട്ടിക് ഹാൻഡ് ഉൾപ്പെടെ വിവിധ സ്റ്റാർട്ടപ്പുകളുടെ ആറ് പേലോഡുകളാണ് റോക്കറ്റ് ഇത്തവണ വഹിക്കുന്നത്.
ഗ്രഹാ സ്പേസിന്റെ സോളാരസ് എസ്-3, കോസ്മോസെർവ് സ്പേസിന്റെ എംബ്രേസ് റോബോട്ടിക് ഹാൻഡ്, സ്കൈറൂട്ടിന്റെ സ്കോപ്പ്സാറ്റ് എന്നിവയാണ് പ്രധാന പേലോഡുകൾ. ജർമ്മൻ കമ്പനിയായ ഡിക്യൂബ്ഡ് സ്പേസിന്റെ സാങ്കേതിക പരീക്ഷണവും ദൗത്യത്തിന്റെ ഭാഗമാണ്. വിക്രം സാരാഭായ്, സി.വി. രാമൻ, ഡോ. എ.പി.ജെ. അബ്ദുൾ കലാം എന്നിവരുടെ സൂക്ഷ്മ പ്രതിമകൾ, ലാബിൽ നിർമിച്ച ഡയമണ്ട് ആഭരണം, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരുടെ ആശംസാ സന്ദേശങ്ങളും റോക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതുവരെ ഇന്ത്യൻ മണ്ണിൽ നിന്ന് ഉപഗ്രഹ വിക്ഷേപണങ്ങൾ പ്രധാനമായും ഐഎസ്ആർഒയുടെ റോക്കറ്റുകളിലൂടെയായിരുന്നു. വിക്രം-1ന്റെ വിജയം രാജ്യത്തെ സ്വകാര്യ ബഹിരാകാശ മേഖലയ്ക്ക് പുതിയ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ.
മൂന്ന് ഘട്ടങ്ങളുള്ള ഘര ഇന്ധന റോക്കറ്റായ വിക്രം-1ന്റെ ആദ്യ പരീക്ഷണ ദൗത്യം 450 കിലോമീറ്റർ ഉയരത്തിലുള്ള 60 ഡിഗ്രി ചരിവുള്ള ഭ്രമണപഥം ലക്ഷ്യമിട്ടുള്ളതാണ്. ഏകദേശം 15 മിനിറ്റ് 46 സെക്കൻഡിനുള്ളിൽ ദൗത്യം പൂർത്തിയാകുമെന്നും, ഇന്ത്യയുടെ ബഹിരാകാശ രംഗത്ത് ഇത് സുപ്രധാന നാഴികക്കല്ലാകുമെന്നും സ്കൈറൂട്ട് എയറോസ്പേസിന്റെ സഹസ്ഥാപകനും സിഇഒയുമായ പവൻ കുമാർ ചന്ദന വ്യക്തമാക്കി.




