മുഖ്യമന്ത്രി-KSU പോര് തുറന്ന യുദ്ധത്തിലേക്ക് നീങ്ങുന്നതായി സൂചനകൾ. ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനും കെഎസ്യുവിനുമിടയിൽ നിലനിൽക്കുന്ന ഭിന്നത കൊച്ചിയിലെ പൊതുവേദിയിൽ വെച്ച് പരസ്യമായിരുന്നു. തേവര എസ്.എച്ച്. കോളജിൽ നടന്ന പരിപാടിക്കെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശൻ, വിമർശനമുന്നയിച്ച കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മടങ്ങിയതോടെയാണ് വാക്പോരുകളിൽ നിന്നിരുന്ന പ്രശ്നം പരസ്യമായ പോരിലേക്ക് എത്തിയത്. കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണുമ്പോൾ ചിരിക്കുകയെന്നതാണ് താൻ പഠിച്ച രാഷ്ട്രീയമാണെന്നും അദ്ദേഹം തന്നെ കണ്ടിട്ടുണ്ടോ എന്നറിയില്ലെന്നും അലോഷ്യസ് സേവ്യർ പ്രതികരിക്കുകയും ചെയ്തു. സതീശനും അലോഷ്യസ് സേവ്യറും പൂർവവിദ്യാർഥികളായ കലാലയമാണ് തേവര എസ്.എച്ച്. കോളജ്.
സതീശൻ പങ്കെടുത്ത ചടങ്ങിന്റെ മുൻനിരയിൽ തന്നെ അലോഷ്യസ് സേവ്യർ ഉണ്ടായിരുന്നു. മുഖ്യമന്ത്രി പ്രസംഗം കഴിഞ്ഞ് സ്റ്റേജിൽ നിന്ന് താഴേക്ക് ഇറങ്ങിയപ്പോൾ അദ്ദേഹത്തെ നേരിൽ കണ്ട് സംസാരിക്കാനായി മറ്റുള്ളവർക്കൊപ്പം അലോഷ്യസ് സേവ്യറും അടുത്തേക്ക് നീങ്ങി നിന്നു. എന്നാൽ തന്റെ അടുക്കൽ നിന്ന മറ്റു ചിലരോട് സംസാരിച്ച് സതീശൻ വേഗത്തിൽ മുന്നോട്ടുപോവുകയായിരുന്നു. ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് സംഘടനയുടെ നിലപാട് വിശദീകരിക്കാൻ അലോഷ്യസ് സേവ്യർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയിട്ടും അവഗണിച്ചിരുന്നു.
ഇതോടെ കോൺഗ്രസ് പാർട്ടിയാകെ പല പക്ഷങ്ങളായി മാറുകയായിരുന്നു. ഇരുകൂട്ടർക്കും അനുകൂലമായും പ്രതികൂലമായും നേതാക്കൾ വിഭജിക്കപ്പെട്ടപ്പോൾ സോഷ്യൽ മീഡിയയിലാകെ അഭിപ്രായങ്ങളുടേയും വിമർശനങ്ങളുടേയും പ്രളയമാണ്. സതീശൻ- കെഎസ് യു പോരിനിടെ, കെ എസ് യുവിന്റെ ചരിത്രം ഓർമ്മിപ്പിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ കുറിപ്പ് വന്നതാണ് കൂട്ടത്തിൽ ശ്രദ്ധേയം. കെ എസ് യു- യൂത്ത് കോൺഗ്രസ് പ്രവർത്തന കാലത്ത് സഹപ്രവർത്തകരായിരുന്ന പ്രഫുലചന്ദ്രൻ, മാരായമുട്ടം സുരേഷ് എന്നിവരുടെ വേർപാടിൽ ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ഫെയ്സ്ബുക്ക് കുറിപ്പിലാണ് കെ എസ് യുവിന്റെ ചരിത്രവും കെസി അനുസ്മരിക്കുന്നത്. 1989ൽ നടന്ന പാഠപുസ്തക സമരം കെഎസ് യു എന്ന വിദ്യാർഥി സംഘടനയുടെ വളർച്ചയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ഏടായിരുന്നു എന്നും കെസി കുറിക്കുമ്പോൾ ഇത് കൊള്ളേണ്ടിടത്ത് തന്നെ കൊള്ളുമെന്ന് ഉറപ്പാക്കാനും മറക്കുന്നില്ല.
പിന്നാലെ കെ.സി വേണുഗോപാലിനെതിരെ വിമർശനവുമായി ഓർത്തഡോക്സ് സഭ തൃശൂർ മെത്രപ്പൊലീത്ത യൂഹാനോൻ മാർ മിലിത്തിയോസ് എത്തിയതും അപ്രതീക്ഷിതമായിരുന്നു. ഫേസ്ബുക്കിൽ ഒറ്റവരി പോസ്റ്റിട്ടായിരുന്നു വിമർശനം. – ‘കെസി പിള്ളേരെക്കൊണ്ട് ചൂടുചോറു വാരിച്ച് കേരളത്തിലെ പാർട്ടിയേയും വടക്കേ ഇൻഡ്യൻ പരുവത്തിലാക്കും’ എന്നായിരുന്നു ആ വരികൾ. ഇപ്പോൾ നടക്കുന്നത് കെസി പക്ഷവും വിഡി പക്ഷവും തമ്മിലുള്ള പോരാണോ എന്ന സംശയത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് അദ്ദേഹത്തിന്റെ വരികൾ. നിലവിലെ തർക്കങ്ങളിൽ കെസിയുടെ നേരിട്ടുള്ള പങ്ക് ഇപ്പോഴും സംശയിക്കാറായിട്ടില്ലെങ്കിലും ഇത് വെറുമൊരു KSU-മുഖ്യമന്ത്രി വാക്പോരായി എഴുതിത്തള്ളാനും വയ്യ.
അലോഷ്യസ് സേവ്യറെ പിന്തുണച്ച് എറണാകുളം ഡിസിസി ഓഫീസിനു മുന്നിൽ ബാനർ ഉയർന്നതാണ് തർക്കങ്ങളെ പുതിയ തലത്തിലേക്ക് എത്തിച്ചത്. കെഎസ്യുക്കാരെ തല്ലിച്ചതച്ചവരുടെ നിയമനത്തിൽ കെഎസ്യുവിന് കാര്യമുണ്ടെന്നാണ് ബാനറിൽ പറയുന്നത്. ചരിത്രം മറക്കാൻ തയാറല്ലെന്നും ബാനറിലുണ്ട്. എന്നാൽ രാത്രി വന്ന ബാനർ നേരം പുലർന്നപ്പോൾ അപ്രത്യക്ഷമാവുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി കോൺഗ്രസിനുള്ളിലെ തീരാ തലവേദനയാണ് ഈ ബാനർ രാഷ്ട്രീയം. നേരത്തെ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള പോര് മൂർച്ഛിച്ച സമയത്ത് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ബാനറുകളോട് ബാനറുകളായിരുന്നു. ഇനി ഈ വിഷയത്തിലും സമാനമായ ബാനർ യുദ്ധത്തിന്റെ ഒരു തുടക്കമാണോ ഇതെന്ന് കണ്ടറിയാം.
എന്നാൽ വിവാദത്തിൽ കെഎസ്യുവിലും ഗ്രൂപ്പ് പോര് കനക്കുകയാണ്. അലോഷ്യസ് സേവ്യറിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം വെച്ചുപൊറുപ്പിക്കില്ലെന്നാണ് എറണാകുളം ജില്ലാ പ്രസിഡന്റ് കൃഷ്ണലാൽ പ്രതികരിച്ചത്. ഏതെങ്കിലും നേതാക്കളുടെ പ്രീതിപിടിച്ചുപറ്റാൻ ഫേസ്ബുക്കിൽ നാലെഴുതിയാൽ കേരള മുഖ്യമന്ത്രിയും സർക്കാരും വീഴില്ലെന്നുമായിരുന്നു കുറിപ്പ്. അലോഷ്യസിനെതിരെ സംസ്ഥാന ജനറൽ സെക്രട്ടറിയും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി മുബാസ് ഓടക്കാലിയും ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനം ഉന്നയിച്ചിരുന്നു. ചിലർ പ്രസ്ഥാനത്തെ സ്ഥാപിത താത്പര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നുവെന്നായിരുന്നു വിമർശനം.
പ്ലീഡർ നിയമനം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രി നേരിട്ട് കാണുന്നതിന് പകരം വിവാദങ്ങൾക്ക് തിരി കൊളുത്തിയെന്നതാണ് ഇവരുടെ അഭിപ്രായത്തിൽ അലോഷ്യസ് ചെയ്ത കുറ്റം. മുഖ്യമന്ത്രി മറുപടി പറഞ്ഞപ്പോൾ മാത്രം കൂടിക്കാഴ്ച്ചക്ക് ശ്രമിച്ചുവെന്നും മറ്റു നിയമനങ്ങളിൽ ഒന്നും പ്രവർത്തകരുടെ വികാരം സംരക്ഷിക്കാൻ തോന്നാത്തവർക്ക് പ്ലീഡർ നിയമനത്തിൽ മാത്രം അത് തോന്നിയെന്നും വിമർശനമുണ്ട്. വ്യക്തി താത്പര്യങ്ങൾക്കും മാധ്യമ ശ്രദ്ധക്കുമായി സർക്കാരിനെയും മുഖ്യമന്ത്രിയെയും ഇരുട്ടിൽ നിർത്തുന്നു. നിയമനത്തിന്റെ പാപഭാരം മുഴുവനും മുഖ്യമന്ത്രിയുടെ തലയിൽ കെട്ടിവെക്കാൻ വ്യഗ്രത കാണിക്കുന്നവർ ലോയേഴ്സ് കോൺഗ്രസ് കൊടുത്ത ലിസ്റ്റിനെ കുറിച്ച് മിണ്ടാത്തത് എന്തുകൊണ്ടാണെന്നും സതീശൻ അനുകൂലികൾ ചോദിക്കുന്നു.
അതേസമയം പ്ലീഡർ നിയമനത്തിലെ തന്റെ ഇടപെടൽ ഒരു തെറ്റാണെങ്കിൽ ആ തെറ്റ് വീണ്ടും ആവർത്തിക്കുമെന്നാണ് അലോഷ്യസ് സേവ്യറിന്റെ നിലപാട്. കെഎസ്യു പ്രവർത്തകരുടെ ചോരയും നീരുമാണ് ഈ യുഡിഎഫ് സർക്കാറെന്നും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ചൂണ്ടിക്കാട്ടിയതെന്നും അലോഷ്യസ് ഉറപ്പിച്ച് തന്നെ പറയുമ്പോൾ ഉടനെയൊന്നും ഈ തർക്കത്തിന് അവസാനമാകില്ലെന്ന് വ്യക്തം. സമരം ചെയ്തും ജയിലിൽ കിടന്നും പോരാടിയ ഒരു നേതാവിനും KSUനെതിരെ പറയാൻ കഴിയില്ലെന്നാണ് ദീപ്തി മേരി വർഗീസിന്റെ പക്ഷം.
കെഎസ്യുവിൽ മാത്രമല്ല കോൺഗ്രസിലാകെ പലവിധ അടിയാണ്. കോൺഗ്രസ് മീഡിയ പാനലിനുള്ളിലെ ഭിന്നതകൾ പരസ്യമായ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണ്. പാനൽ അംഗങ്ങളായ ജിന്റോ ജോണിനെയും വി.ആർ. അനൂപിനെയും പാനലിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാജു പി. നായർ കെപിസിസിക്ക് ഔദ്യോഗികമായി പരാതി നൽകി. ഇരുവരും ചാനൽ ചർച്ചകളിലൂടെ സിപിഎം അജണ്ടയാണ് നടപ്പാക്കുന്നതെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
സതീശനെതിരെ പരസ്യവിമർശനം ഉന്നയിച്ച കോൺഗ്രസ് വക്താവ് വി ആർ അനൂപിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി ബിആർഎം ഷെഫീർ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയെ സംഘി ആക്കാൻ നടക്കുന്ന സിപിഎമ്മിന്റെ വാദം ഉന്നയിക്കുന്നവൻ എങ്ങനെ കോൺഗ്രസ് പ്രതിനിധി ആവുമെന്നും സർക്കാരിനെതിരെ പരസ്യമായി പ്രതികരിച്ചതിന് ശേഷം പാർട്ടിയെ ന്യായീകരിക്കാൻ വേണ്ടി പിന്നെ ചാനലിൽ പോയി ഇരുന്നാൽ എന്തെങ്കിലും വിശ്വാസ്യത ഉണ്ടോയെന്നും ബി ആർഎം ഷെഫീർ ചോദിക്കുന്നു.
സർക്കാർ വിവിധ വിഷയങ്ങളിൽ പ്രതിരോധത്തിലാകുന്ന ഘട്ടങ്ങളിൽ, പ്രതിപക്ഷത്തെ സഹായിക്കുന്ന തരത്തിലുള്ള നിലപാടുകളാണ് വി.ആർ. അനൂപും ജിന്റോ ജോണും സ്വീകരിക്കുന്നതെന്ന് രാജു പി. നായർ ആരോപിക്കുന്നു. ചാനൽ ചർച്ചകളിൽ ഇവർ സ്വീകരിക്കുന്ന ഇത്തരം നിലപാടുകൾ കാരണം മറ്റ് കോൺഗ്രസ് പ്രതിനിധികൾക്ക് സർക്കാരിനെ പ്രതിരോധിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതത്രേ. ഇവർ ഇരുവരും സിപിഎം അജണ്ടയാണോ നടപ്പാക്കുന്നത് എന്ന കാര്യത്തിൽ സംശയമുണ്ടെന്നും രാജു പി. നായർ തന്റെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കെ.എസ്.യു.വിനെതിരെയുള്ള വി.ആർ. അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റിനെത്തുടർന്നാണ് പാർട്ടിയിൽ ചേരിതിരിഞ്ഞുള്ള തർക്കം രൂക്ഷമായത്. ഇത് പിന്നീട് കെ.സി. വേണുഗോപാൽ പക്ഷവും വി.ഡി. സതീശനെ അനുകൂലിക്കുന്നവരും തമ്മിലുള്ള പരസ്യമായ പോരായി മാറുകയായിരുന്നു. ഇതോടെ ഏകദേശം രണ്ട് മാസങ്ങൾക്കിപ്പുറം മുഖ്യമന്ത്രിപ്പോരിൽ കണ്ട കക്ഷിരാഷ്ട്രീയ തർക്കങ്ങളും ചരടുവലികളും തൊഴിത്തിൽ കുത്തുകളും കോൺഗ്രസിനുള്ളിൽ വീണ്ടും തലപൊക്കുകയാണോ എന്ന സംശയം ശക്തമാവുകയാണ്.




