ന്യൂഡല്‍ഹി: ജന്തർ മന്തറിൽ നടന്ന നാടകീയ സംഭവങ്ങൾക്കും സോനം വാങ്ചുക്കിന്റെ അറസ്റ്റിനും പിന്നാലെ കോക്രോച്ച് ജനതാ പാർട്ടി അധ്യക്ഷൻ അഭിജീത് ദീപ്‌കെ നിരാഹാര സമരം ആരംഭിച്ചു. ജന്തർ മന്തറിൽ നിരാഹാര സമരം നടത്തിയിരുന്ന സോനം വാങ്ചുക്കിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് അഭിജീത് സമരത്തിന് നേതൃത്വം നൽകിയത്.
ജന്തർ മന്തറിലേക്ക് എല്ലാവരും എത്തി സമരത്തിൽ പങ്കാളികളാകണമെന്ന് അഭിജീത് ആഹ്വാനം ചെയ്തു. ഡൽഹിയിലെത്താൻ കഴിയാത്തവർ സ്വന്തം സംസ്ഥാനങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊലീസ് നടപടി നടക്കുമ്പോൾ അഭിജീത് സമരവേദിയിൽ ഉണ്ടായിരുന്നില്ല. പുലർച്ചെയോടെ ജന്തർ മന്തറിലെത്തിയ പൊലീസ് സോനം വാങ്ചുക്കിനെ കസ്റ്റഡിയിലെടുക്കുകയും പ്രതിഷേധക്കാരോട് സമരവേദി ഒഴിയാൻ നിർദേശിക്കുകയും ചെയ്തു. തുടർന്ന് അഭിജീതിനെ വീട്ടുതടങ്കലിലാക്കിയെന്ന് കോക്രോച്ച് ജനതാ പാർട്ടി ആരോപിച്ചിരുന്നു. താമസസ്ഥലത്ത് പൊലീസ് തടഞ്ഞുവെച്ചിരുന്നെങ്കിലും പിന്നീട് ജന്തർ മന്തറിലെത്തിയ അഭിജീത് നിരാഹാര സമരം ആരംഭിക്കുകയായിരുന്നു.
അതേസമയം, സോനം വാങ്ചുക്കിന് ചികിത്സ ആവശ്യമായതിനാലാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് മെഡിക്കൽ സംഘം അറിയിച്ചു. കോടതി നിർദേശത്തെ തുടർന്നാണ് അദ്ദേഹത്തിന് ചികിത്സ ഉറപ്പാക്കാൻ സർക്കാർ മെഡിക്കൽ സംഘത്തെ നിയോഗിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
ഇതിനിടെ, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കും വരെ സമരം തുടരുമെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് ആദർശ് എം. സജി പറഞ്ഞു. സോനം വാങ്ചുക്കിനെ കസ്റ്റഡിയിലെടുത്തത് സമരം തകർക്കാനുള്ള ശ്രമമാണെന്നും പൊലീസ് നടപടിയെ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം ആരോപിച്ചു.
ജന്തർ മന്തറിൽ ഇന്റർനെറ്റ് സേവനം താൽക്കാലികമായി നിർത്തിവെച്ച ശേഷമാണ് പൊലീസ് നടപടി നടന്നത്. സോനം വാങ്ചുക്കിനെ കസ്റ്റഡിയിലെടുത്ത സമയത്ത് ഏർപ്പെടുത്തിയ നിയന്ത്രണം പിന്നീട് പിൻവലിക്കുകയും ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കുകയും ചെയ്തു. പ്രതിഷേധക്കാർ സമാധാനപരമായി ജന്തർ മന്തർ ഒഴിയണമെന്ന് ന്യൂഡൽഹി ഡിസിപി നിർദേശിച്ചു.


