കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ വിവിധ ഇടങ്ങളിൽ സംഘർഷങ്ങളും അക്രമ സംഭവങ്ങളും റിപ്പോർട്ട് ചെയ്തു. വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ ഛപ്ര, ശാന്തിപുർ, നിംതാല, ഭാംഗർ തുടങ്ങിയ പ്രദേശങ്ങളിലാണ് അക്രമം നടന്നതായി പോലീസ് അറിയിച്ചു.
നദിയ ജില്ലയിലെ ഛപ്രയിൽ പോളിങ് ഏജന്റിനെ തൃണമൂൽ കോൺഗ്രസുമായി ബന്ധമുള്ളവർ ആക്രമിച്ചതായി ബിജെപി ആരോപിച്ചു. മോക്ക് പോളിംഗ് ആരംഭിച്ചതിന് പിന്നാലെയാണ് സംഭവം നടന്നതെന്ന് ബിജെപി സ്ഥാനാർഥി സയ്ക്കത്ത് സർക്കാർ പറഞ്ഞു. പോളിങ് ഏജന്റിനെ തലയ്ക്ക് അടിച്ചതായി അദ്ദേഹം ആരോപിച്ചു. എന്നാൽ ടിഎംസി ആരോപണം നിഷേധിച്ചു. ശാന്തിപുരിലെ 16-ാം വാർഡിൽ ബിജെപിയുടെ ക്യാമ്പ് ഓഫീസ് തകർന്ന നിലയിൽ കണ്ടെത്തി. ഇതോടെ പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു.
ഭംഗറിൽ ഐഎസ്എഫ് ഏജന്റിനെ പോളിംഗ് ബൂത്തിലേക്ക് പ്രവേശിപ്പിച്ചില്ലെന്ന് പരാതിയുണ്ട്. നിംതാലയിലെ ഒരു ബൂത്തിൽ വോട്ടെടുപ്പ് വൈകിയതിനെ തുടർന്ന് വോട്ടർമാരും ഉദ്യോഗസ്ഥരും തമ്മിൽ തർക്കം ഉണ്ടായി. സംഭവങ്ങളെ തുടർന്ന് വിവിധ ബൂത്തുകളിൽ സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.




