കോഴിക്കോട്: കോഴിക്കോട് ആയഞ്ചേരി സ്വദേശി വിഷ്ണു ലോണ്‍ എടുത്തത് എംപോക്കറ്റ് ലോണ്‍ ആപ്പില്‍ നിന്നെന്ന് പൊലീസ്. ലോണ്‍ എടുത്ത പണത്തില്‍ കൂടുതല്‍ തിരിച്ചടച്ചിട്ടും ആപ്പിൽ നിന്നും ഭീഷണിയുണ്ടായിരുന്നു. മോര്‍ഫ് ചെയ്ത ഫോട്ടോകൾ അടക്കം ഉപയോഗിച്ചാണ് വിഷ്ണുവിനെ ഭീഷണിപ്പെടുത്തിയത്. ഇതിനെത്തുടർന്നാണ് വിഷ്ണു നാടുവിട്ടത്. ലോണ്‍ ആപ്പില്‍ നിന്ന് പതിനായിരം രൂപയായിരുന്നു വിഷ്ണു ലോണ്‍ എടുത്തത്. 22,000 രൂപ വിഷ്ണു ആപ്പില്‍ തിരിച്ചടച്ചിരുന്നു. സംഭവത്തില്‍ വിഷ്ണുവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മഡ്ഗാവ്, രത്‌നഗിരി, ഉഡുപ്പി എന്നിവിടങ്ങളില്‍ താമസിച്ചുവെന്നും ഉടുപ്പിയില്‍ വെച്ച് ഫോണ്‍ മോഷണം പോയെന്നും വിഷ്ണു മൊഴി നൽകി. ആപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്നും പൊലീസ് അറിയിച്ചു. ഏപ്രില്‍ പതിമൂന്നാം തീയതിയായിരുന്നു വിഷ്ണുവിനെ കാണാതായത്. ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് വിഷ്ണു നാട്ടിലേക്ക് മടങ്ങിവരികയായിരുന്നു.




