തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് കരാറിന് വിരുദ്ധമായി ജിഎസ്ടി കൈവശപ്പെടുത്താന്‍ ശ്രമിച്ച് അദാനി പോര്‍ട്ട്. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ നല്‍കിയ തുകയിലാണ് ജിഎസ്ടി കൈവശപ്പെടുത്തിയത്. നിർമാണ പ്രവർത്തനങ്ങൾക്കായി സർക്കാർ നൽകിയ തുകയിൽ നിന്ന് ജിഎസ്ടി ഇനത്തിൽ 85 കോടി രൂപയാണ് അദാനി പോർട്ടിന് അനുവദിച്ചതെന്ന് ഓഡിറ്റിൽ ചൂണ്ടിക്കാട്ടുന്നു.
2023-ൽ അദാനി പോർട്ടിന്റെ അപേക്ഷയെ തുടർന്നാണ് വിഴിഞ്ഞം തുറമുഖ കമ്പനി ജിഎസ്ടി ഇനത്തിൽ 85 കോടി രൂപ അനുവദിച്ചത്. എന്നാൽ കരാർ വ്യവസ്ഥകൾ പ്രകാരം ഇത്തരത്തിൽ ജിഎസ്ടി നൽകുന്നത് അനുവദനീയമല്ലെന്നാണ് സിഎജിയുടെ വിലയിരുത്തൽ. തുറമുഖ കമ്പനിയുടെ ഓഡിറ്റിനിടെയാണ് ഈ കണ്ടെത്തൽ ഉണ്ടായത്.
കരാറിന് വിരുദ്ധമായി അനുവദിച്ച തുക പിന്നീട് വിഴിഞ്ഞം തുറമുഖ കമ്പനി തിരിച്ചുപിടിച്ചു. ദിവ്യ എസ്. അയ്യർ മാനേജിംഗ് ഡയറക്ടറായിരുന്ന സമയത്താണ് 85 കോടി രൂപ തിരിച്ചുപിടിക്കുന്ന നടപടി പൂർത്തിയാക്കിയത്.
ജിഎസ്ടി തുക അനുവദിക്കണമെന്ന ആവശ്യവുമായി അദാനി പോർട്ട് സംസ്ഥാന സർക്കാരിനെയും സമീപിച്ചിരുന്നെങ്കിലും, എംപവേർഡ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രണ്ടാം പിണറായി വിജയൻ സർക്കാർ അപേക്ഷ നിരസിച്ചു. നിർമാണ പ്രവർത്തനങ്ങൾക്ക് ജിഎസ്ടി നൽകണമെന്ന ആവശ്യത്തിൽ അദാനി പോർട്ട് ഇപ്പോഴും ഉറച്ചുനിൽക്കുന്നതായാണ് വിവരം.
ഇതിനിടെ, കരാർ വ്യവസ്ഥകൾ ലംഘിച്ചതിന് അദാനി പോർട്ട്സിന് വിഴിഞ്ഞം തുറമുഖ കമ്പനി 15 കോടി രൂപ പിഴ ചുമത്തിയിരുന്നു. ദിവ്യ എസ്. അയ്യർ എംഡിയായിരുന്ന കാലയളവിൽ രണ്ട് വർഷത്തിനിടെ എട്ട് തവണ കാരണം കാണിക്കൽ നോട്ടീസും കമ്പനിയ്ക്ക് നൽകിയിരുന്നു.
കരാർ പ്രകാരം ഓരോ വർഷവും സാമ്പത്തിക അവലോകന റിപ്പോർട്ട് തുറമുഖ കമ്പനിക്ക് സമർപ്പിക്കേണ്ടതുണ്ടായിരുന്നെങ്കിലും അദാനി പോർട്ട്സ് ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ലെന്ന് രേഖകളിൽ പറയുന്നു. ഇതുസംബന്ധിച്ച് വിശദീകരണം തേടി നൽകിയ കാരണം കാണിക്കൽ നോട്ടീസിനും കമ്പനി മറുപടി നൽകിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.











