തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റത്തിൽ സിപിഎമ്മിന് എതിർപ്പില്ലെന്നും എന്നാൽ സർക്കാരിന്റെ അറിവും അനുമതിയും ഇല്ലാതെ ഓഹരി കൈമാറ്റം നടക്കാൻ പാടില്ലെന്നുമാണ് പാർട്ടിയുടെ നിലപാടെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. ഇതാണ് സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടെന്നും വിഷയത്തിൽ പാർട്ടിക്കുള്ളിൽ അഭിപ്രായവ്യത്യാസമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇ.പി. ജയരാജന്റെ പ്രസ്താവന കണ്ടിട്ടില്ലെന്നും അദ്ദേഹത്തെ തള്ളിപ്പറയുന്നില്ലെന്നും ടി.പി. രാമകൃഷ്ണൻ പ്രതികരിച്ചു.
വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ വികസനത്തിന് നിർണായക പദ്ധതിയാണെന്നും അത് പൊതുനിയന്ത്രണത്തിൽ നിലനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓഹരി ഒരു കമ്പനിക്ക് കൈമാറുന്നതിനെ എതിർക്കുന്ന നിലപാട് സിപിഎമ്മിനില്ല. എന്നാൽ അത്തരം കൈമാറ്റങ്ങൾ സർക്കാരിന്റെ പൂർണ അറിവോടെയും അനുമതിയോടെയും മാത്രമേ നടക്കാവൂ എന്നതാണ് പാർട്ടിയുടെ നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു.
ഈ വ്യവസ്ഥ ലംഘിക്കുന്ന തരത്തിലുള്ള നീക്കങ്ങൾ ഉണ്ടായപ്പോഴാണ് അതിനെതിരെ സിപിഎം ശക്തമായി രംഗത്തെത്തിയതും വിഷയം ജനങ്ങൾക്കുമുന്നിൽ ഉയർത്തിക്കാട്ടിയതെന്നും ടി.പി. രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.


